വിശ്വാസവോട്ടില്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡക്ക് പരാജയം

കാഠ്മണ്ഡു: നേപ്പാൾ സർക്കാരിലെ ഏറ്റവും വലിയ കക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ്) പിന്തുണ പിൻവലിച്ചതിനെ തുടർന്ന്, വിശ്വാസവോട്ടില്‍ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡയ്ക്ക് പരാജയം. 275 അംഗ ജനപ്രതിനിധി സഭയില്‍ 63 വോട്ടുകള്‍ മാത്രമാണ് പ്രചണ്ഡക്ക് ലഭിച്ചത്. വിശ്വാസവോട്ട് നേടണമെങ്കില്‍ കുറഞ്ഞത് 138 വോട്ടുകള്‍ വേണം. 2022 ഡിസംബര്‍ 25ന് സ്ഥാനമേറ്റതു മുതല്‍ പ്രചണ്ഡ നാല് വിശ്വാസ വോട്ടുകളെയാണ് അതിജീവിച്ചത്.

വിശ്വാസവോട്ടെടുപ്പ് പരാജയപ്പെട്ട സാഹചര്യത്തിൽ 69 കാരനായ നേതാവ് 19 മാസം നീണ്ടുനിന്ന പദവിയിൽ നിന്ന് സ്ഥാനമൊഴിയാൻ നിർബന്ധിതനാകും. ഇതോടെ മുന്‍ പ്രധാനമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യൂനിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎന്‍യുഎംഎല്‍) നേതാവുമായ കെ പി ശര്‍മ ഒലിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചേക്കും.

നേപ്പാളി കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഎന്‍യുഎംഎല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. വോട്ടെടുപ്പില്‍ പങ്കെടുത്ത 258 അംഗങ്ങളില്‍ 194 പേര്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. വിശ്വാസവോട്ട് നേടണമെങ്കില്‍ കുറഞ്ഞത് 138 വോട്ടുകള്‍ വേണം. അടുത്ത പ്രധാനമന്ത്രിയായി ഒലിയെ നേപ്പാളി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷേര്‍ ബഹാദൂര്‍ ദ്യൂബ അംഗീകരിച്ചു.

More Stories from this section

family-dental
witywide