ന്യൂഡല്‍ഹി: ഗാസയില്‍ വ്യോമാക്രമണത്തിനിടെ ഏഴ് സന്നദ്ധ പ്രവര്‍ത്തകര്‍ മരിച്ച സംഭവത്തില്‍ തെറ്റ് സമ്മതിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
‘നിര്‍ഭാഗ്യവശാല്‍, കഴിഞ്ഞ ദിവസം ഗാസ മുനമ്പില്‍ നിരപരാധികളെ നമ്മുടെ സൈന്യം അബദ്ധവശാല്‍ ആക്രമിച്ചു. ഇത് യുദ്ധത്തില്‍ സംഭവിക്കുന്നതാണ്, ഞങ്ങള്‍ അത് അന്വേഷിക്കും. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ഞങ്ങള്‍ കഴിയുന്നതെല്ലാം ചെയ്യും- എന്ന് അദ്ദേഹം ചൊവ്വാഴ്ച വ്യക്തമാക്കി. ഇസ്രായേല്‍ സൈന്യത്തിന്റെ ഫാക്റ്റ് ഫൈന്‍ഡിംഗ് ആന്‍ഡ് അസസ്മെന്റ് മെക്കാനിസമാണ് അന്വേഷണം നടത്തുകയെന്നും ‘ഞങ്ങള്‍ ഞങ്ങളുടെ കണ്ടെത്തലുകള്‍ സുതാര്യമായി പങ്കിടുമെന്നും’ അദ്ദേഹം പറഞ്ഞു.
സൈപ്രസില്‍ നിന്ന് കടല്‍മാര്‍ഗം യുദ്ധത്തില്‍ തകര്‍ന്ന ഗാസയിലേക്ക് ഭക്ഷ്യസഹായം എത്തിക്കുന്ന യുഎസ് ആസ്ഥാനമായുള്ള വേള്‍ഡ് സെന്‍ട്രല്‍ കിച്ചണില്‍ (ഡബ്ല്യുസികെ) ജോലി ചെയ്തവരാണ് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഏഴ് പേര്‍. ഇവര്‍ ഓസ്ട്രേലിയ, പോളണ്ട്, യുകെ, യുഎസ്, കാനഡ, പാലസ്തീന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ്.