റഫ ആക്രമണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നെതന്യാഹു; പിന്തുണയ്ക്കില്ലെന്ന് അമേരിക്ക

വാഷിങ്ടൺ: വെടിനിർത്തൽ ഉടമ്പടി നടപ്പായാലും ഇല്ലെങ്കിലും റഫയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഏഴ് മാസത്തെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് ശേഷം അമേരിക്കയും ഖത്തറും മറ്റ് നിരവധി രാജ്യങ്ങളും ഗാസയിലെ വെടിനിർത്തലിനായി മധ്യസ്ഥത വഹിച്ചിട്ടുണ്ട്. കരാറിനായി സമ്മർദ്ദം ചെലുത്താൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ജെ. ബ്ലിങ്കെൻ മിഡിൽ ഈസ്റ്റ് സന്ദർശിച്ചിരുന്നു. അതിനിടെ, നെതന്യാഹുവിനെതിരെ ഇസ്രായേലിൽ പ്രതിഷേധം കൂടുതൽ ശക്തമായി.

എന്നാൽ കെയ്റോ കേന്ദ്രീകരിച്ച് വെടിനിർത്തൽ ചർച്ച പുരോഗമിക്കവെയാണ് നെതന്യാഹുവിന്റെ പ്രകോപന പ്രഖ്യാപനം. ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതായും റഫയെ ആക്രമിച്ച് ഹമാസിനെ ഉന്മൂലനം ചെയ്യാതെ പിന്മാറില്ലെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, റഫയെ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പലസ്തീൻ ജനതയോട് കരുണയുണ്ടെങ്കിൽ വെടിനിർത്തലിന് തയാറാവാൻ ഈ നിർണായക ഘട്ടത്തിലെങ്കിലും ഹമാസ് തയാറാവണമെന്നും അമേരിക്ക ആവർത്തിച്ചു.