
വാഷിംഗ്ടണ്‍: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ബ്രെയിന്‍-ഇംപ്ലാന്റ് സ്റ്റാര്‍ട്ടപ്പായ ന്യൂറാലിങ്കിനെതിരെ പരാതിയുമായി ജീവനക്കാരി. രോഗബാധയുള്ള കുരങ്ങുകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചവെന്നാണ് പരാതിയില്‍ പറയുന്നത്. ഹെര്‍പ്പിസ് ബി വൈറസ് ബാധിച്ച കുരങ്ങുകളുമായി ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നു കാട്ടി ലിന്റ്സേ ഷോര്‍ട്ട് എന്ന ജീവനക്കാരിയാണ് കാലിഫോര്‍ണിയ സ്റ്റേറ്റ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.
2022 ഓഗസ്റ്റില്‍ കമ്പനിയുടെ ഫ്രീമോണ്ട്, കാലിഫോര്‍ണിയ സൈറ്റിലേക്ക് ജോലിക്ക് അയച്ചപ്പോഴാണ് സംഭവം. മോശം തൊഴില്‍ അന്തരീക്ഷമാണ് താന്‍ നേരിട്ടതെന്നും ജീവനക്കാരി പറയുന്നു. മാത്രമല്ല താന്‍ ഗര്‍ഭിണിയാണെന്ന് സൂപ്പര്‍വൈസര്‍മാരോട് പറഞ്ഞതിനെ തുടര്‍ന്ന് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും ലിന്റ്‌സേ പറഞ്ഞു.
ഹെര്‍പ്പിസ് ബി വൈറസ് വഹിക്കുന്ന കുരങ്ങുകള്‍ക്കൊപ്പമാണ് താന്‍ ജോലി ചെയ്യുന്നതെന്നും കുരങ്ങുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സംരക്ഷണ ഉപകരണങ്ങള്‍ കമ്പനി നല്‍കിയില്ലെന്നും യുവതി ആരോപിക്കുന്നു. മാത്രമല്ല, രോഗ ബാധയുള്ള കുരങ്ങ് തന്റെ മുഖത്ത് മാന്തിയെന്നും ചികിത്സ വേണമെന്ന് അറിയിച്ചപ്പോള്‍ ഇത് ആവര്‍ത്തിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഉന്നത് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
പരാതിയെക്കുറിച്ച് ന്യൂറലിങ്കിന്റെ പ്രതികരണം ഇതുവരെ എത്തിയിട്ടില്ല. ഡേവിസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ കുരങ്ങുകളെക്കുറിച്ച് ഗവേഷണം നടത്തിയപ്പോള്‍ കുരങ്ങുകളോടും മറ്റ് മൃഗങ്ങളോടും മോശമായി പെരുമാറിയതിനും കമ്പനി വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. അതിനുശേഷം കുരങ്ങ് ഗവേഷണം സ്വന്തം സ്ഥാപനങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.














