
തിരുവനന്തപുരം: 2025 മുതല്‍ എസ്എസ്എല്‍സി എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഓരോ വിഷയത്തിലും 12 മാര്‍ക്ക് മിനിമം വേണം. നിരന്തര മൂല്യനിര്‍ണയത്തിന്റെ മാര്‍ക്ക് കൂടി ചേര്‍ത്താകും ഫലം പ്രഖ്യാപിക്കുക. 2025 മാര്‍ച്ച് മാസത്തെ പരീക്ഷ മുതല്‍ പുതിയ മാറ്റം നിലവില്‍ വരും.
ഹയർസെക്കൻഡറിയിലേതുപോലെ പേപ്പർ മിനിമം ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നുവെന്നും മന്ത്രി അറിയിച്ചു. വിവിധ മേഖലകളിൽ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും തീരുമാനം. പേപ്പർ മിനിമം രീതി നടപ്പിലായാൽ എഴുത്തു പരീക്ഷയിൽ വിജയിക്കാൻ ഓരോ പേപ്പറിനും നിശ്ചിത മാർക്ക് വേണ്ടി വരും.
40 മാർക്ക് ഉള്ള വിഷയത്തിന് എഴുത്തു പരീക്ഷയിൽ വിജയിക്കണമെങ്കിൽ മിനിമം 12 മാർക്ക് നേടണം. 80 മാർക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കിൽ മിനിമം 24 മാർക്ക് വേണം. മാറ്റം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും എന്നിട്ടാവും അന്തിമ തീരുമാനമെന്നും മന്ത്രി അറിയിച്ചു.