
ന്യൂഡൽഹി: രാജ്യത്തെ കൊളോണിയൽ കാലത്തെ നിയമനിർമ്മാണങ്ങൾക്ക് പകരമായി കേന്ദ്രസർക്കാർ പുതുക്കിയ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങളാണ് ജൂലായ് മുതല്‍ പ്രാബല്യത്തിലാവുന്നത്.
1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി.), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം (സി.ആര്‍.പി.സി.), 1872-ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്കു പകരമാണ് പുതിയ നിയമങ്ങൾ നിലവില്‍ വരുന്നത്.
ഓഗസ്റ്റ് 11-നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലുകൾ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പിന്നീട് ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. നവംബര്‍ പത്തിന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിന്‍വലിച്ചു. പിന്നീട് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകൾ സഭകള്‍ പാസാക്കി. ഡിസംബര്‍ അവസാനം രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയതോടെ ബില്ലുകള്‍ നിയമങ്ങളായി മാറി.
ശിക്ഷാ വിധികളിൽ നിരവധി മാറ്റങ്ങളാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഈ നിയമങ്ങള്‍ പ്രകാരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാവും. അതേസമയം ഭരണകൂടത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. എന്നാല്‍, ഭാരതീയ ന്യാസംഹിതാ ബില്ലില്‍ 150-ാം വകുപ്പ് രാജ്യദ്രോഹത്തെ കുറ്റകൃത്യമായി നിലനിര്‍ത്തിയിട്ടുണ്ട്. ഏതു കേസിലും നിലവിലെ പോലീസ് കസ്റ്റഡിക്കാലാവധി, അറസ്റ്റിനുശേഷമുള്ള ആദ്യത്തെ പതിനഞ്ചുദിവസമാണ്. ഇതിനപ്പുറവും പോലീസ് കസ്റ്റഡി നീട്ടാനുതകുന്ന വ്യവസ്ഥ ഭാരതീയ നാഗരിക് സുരക്ഷാസംഹിതാ ബില്ലിലുണ്ട്. അതേസമയം, അന്വേഷണവും കുറ്റപത്ര സമര്‍പ്പണവുമടക്കമുള്ള കേസ് നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടുമുണ്ട്.