ഫ്‌ലാറ്റില്‍ നിന്ന് നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവം : അച്ഛനും അമ്മയും മകളും കസ്റ്റഡിയില്‍, കുടുക്കിയത്‌ പാഴ്‌സല്‍ കവറിലെ മേല്‍വിലാസം

കൊച്ചി: കൊച്ചിയെ നടുക്കിയ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ എന്ന് സംശയിക്കുന്ന മൂന്നുപേര്‍ കസ്റ്റഡിയില്‍. അഛനും അമ്മയും 23 കാരിയായ മകളുമാണ് കസ്റ്റഡിയിലുള്ളത്. കൊച്ചിയിലെ പനമ്പിള്ളി നഗറിലെ ഫ്‌ലാറ്റിനു സമീപത്തെ റോഡില്‍ നിന്നും ഇന്ന് രാവിലെയാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സമീപത്തെ ഫ്‌ളാറ്റില്‍ നിന്നാണ് കുട്ടിയെ എറിഞ്ഞതെന്ന് വ്യക്തമായിരുന്നു.

റോഡില്‍ ഒരു സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ എന്തോ കിടക്കുന്നത് ആളുകള്‍ കണ്ടെങ്കിലും ആദ്യം മാലിന്യ കിറ്റെന്നാണ് കരുതിയത്. പിന്നീട് ആരുടെയെങ്കിലും കയ്യില്‍ നിന്നും പോയതാണെന്ന് തോന്നി പരിശോധിച്ചപ്പോഴാണ് കരളലിയിക്കുന്ന കാഴ്ച കണ്ട് നടുങ്ങിയത്. രക്തത്തില്‍ കുളിച്ച നിലയില്‍ നവജാതശിശുവിന്റെ മൃതദേഹമായിരുന്നു അത്. പിന്നീടാണ് പൊലീസില്‍ വിവരം അറിയിച്ചത്. മൃതദേഹം ഉണ്ടായിരുന്ന ആമസോണ്‍ പാഴ്‌സല്‍ കവറിലെ മേല്‍വിലാസമാണ് പ്രതികളെ പിടികൂടാന്‍ സഹായകമായതെന്നാണ് വിവരം.

സമീപത്തെ സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യത്തില്‍ കുട്ടിയെ വലിച്ചെറിഞ്ഞതായി കാണിക്കുന്ന സമയം 7.50 ആണ്. ഇന്റര്‍- ലോക്കിട്ട റോഡിലേക്ക് ഒരു കെട്ട് വന്നുവീഴുന്നതാണ് ദൃശ്യത്തില്‍ കാണുന്നത്. കുട്ടിയെ വലിച്ചെറിഞ്ഞപ്പോള്‍ മരിച്ചതാണോ, കൊലപ്പെടുത്തിയതിന് ശേഷം വലിച്ചെറിഞ്ഞതാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

സംഭവം നടന്ന ഫ്‌ളാറ്റില്‍ ഗര്‍ഭിണികളില്ലെന്നാണ് പ്രദേശത്തെ ആശാപ്രവര്‍ത്തകരും മറ്റുള്ളവരുമെല്ലാം ചൂണ്ടിക്കാട്ടുന്നത്. പക്ഷെ, പോലീസ് പരിശോധനയില്‍ പ്രസവം നടന്നത് ഫ്‌ളാറ്റിലെ ശുചിമുറിയിലെന്ന് സംശയിക്കുന്ന തരത്തില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. പ്രസവത്തിനു ശേഷം കുഞ്ഞിനെ ഉപേക്ഷിക്കാനാവാതെ വന്നതോടെ വലിച്ചെറിയുകയായിരുന്നു എന്നാണ് കരുതുന്നു.