ഫൊക്കാനയില്‍ പുതിയ അംഗങ്ങളെ ചേര്‍ത്തു എന്ന വാര്‍ത്ത തെറ്റ്: ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ സജി പോത്തന്‍

ന്യൂയോര്‍ക്ക് : ഫൊക്കാനയില്‍ പുതിയ സംഘടനകള്‍ അനുവദിച്ചു എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ സജി പോത്തന്‍ അറിയിച്ചു. കേന്ദ്ര സംഘടനയായ ഫൊക്കാനയിലെ അംഗത്വത്തിന് അപേക്ഷകള്‍ ഭരണഘടനാ പ്രകാരം ഡിസംബര്‍ 31 നു മുമ്പ് ലഭിക്കേണ്ടതാണ്. അന്ന് വരെ ലഭിച്ച അപേക്ഷകളില്‍ നിന്നും നിയമാനുസരണമുള്ള എല്ലാ ഡോക്യൂമെന്റസും സമര്‍പ്പിച്ചിരുന്ന 15 സംഘടനകളെ ട്രസ്റ്റീ ബോര്‍ഡിലെ എല്ലാ അംഗങ്ങളുടെയും പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ ഐകകണ്ഠ്യേന സ്വീകരിച്ചതാണ്.

ഇപ്പോള്‍ ട്രസ്റ്റീ ബോര്‍ഡില്‍ നിന്നുള്ള നാലുപേര്‍ ട്രസ്റ്റീ ബോര്‍ഡ് എന്ന പേരില്‍ യോഗം ചേരുകയും യോഗ്യതയില്ലാത്ത കുറെ അസ്സോസിയേഷനുകള്‍ക്കു പിന്‍വാതിലിലൂടെ അംഗീകാരം കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് സംഘടനാ വിരുദ്ധ നടപടിയാണ് . ബോര്‍ഡ് ചെയര്മാന്റെ അനുമതിയില്ലാതെ നിയമാനുസരണം നടത്തിയ മീറ്റിംഗ് ആയിരുന്നില്ല ഇത്.

പ്രസിഡന്റ് ഡോ .ബാബു സ്റ്റീഫന്‍ വിഘടിച്ചു നില്‍ക്കുന്നവരെ തിരികെ കൊണ്ടുവരണം എന്ന തീരുമാനപ്രകാരമാണ് ഐക്യത്തിന്റെ പുതിയ ഫോര്‍മുല ഉരുത്തിരിഞ്ഞത് . ഈ തീരുമാനപ്രകാരം ഒരുവ്യക്തിയുടെ കൈവശമുള്ള ഫെഡറേഷന്‍ ഓഫ് കേരളാ അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ രജിസ്‌ട്രേഷനും ലോഗോയും ഫൊക്കാനയ്ക്ക്‌ കൈമാറിയാല്‍ മാത്രമേ അവരെ സംഘടനയിലേക്ക് സ്വീകരിക്കയുള്ളു എന്ന നിബന്ധന വച്ചിരുന്നു. അതിന് വിപരീതമായി ട്രസ്റ്റീ ബോര്‍ഡിലെ നാല് അംഗങ്ങള്‍ ട്രസ്റ്റീ ബോര്‍ഡ് എന്ന പേരില്‍ മീറ്റിംഗ് കൂടിയത് പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫനോ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനോ , ഭൂരിപക്ഷം ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളോ അറിയാതെയാണ്.
അവര്‍ക്കു താല്പര്യമുള്ള ചില സംഘടനകളെ യാതൊരു മാനദണ്ഡവും ഇല്ലാതെ ഫൊക്കാനയിലേക്ക് പിന്‍വാതില്‍ നിയമനം നടത്താന്‍ ഒരിക്കലും ഫൊക്കാന നിയമാവലി അനുവദിക്കുന്നില്ല.

തിരഞ്ഞടുപ്പ് പ്രക്രിയ തുടങ്ങി കഴിഞ്ഞാല്‍ പിന്നെ പുതിയ സംഘടനകളെ സ്വീകരിക്കുന്നത് കോണ്‍സ്ടിട്യൂഷന് വിരുദ്ധവുമാണ്. കഴിഞ്ഞ ദിവസം ട്രസ്റ്റീ ബോര്‍ഡും എക്‌സിക്യൂട്ടീവ് കമ്മിയുടെയും ജോയിന്റ് മീറ്റിംഗ് കൂടുകയും അതില്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയതുമാണ്‌. അതിനാല്‍ പുതിയ സംഘടനകള്‍ക്ക് അംഗത്വം കൊടുത്തു എന്ന വാര്‍ത്ത തികച്ചും അസത്യവും കെട്ടിച്ചമച്ചതും ആണെന്നും ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍ സജി പോത്തന്‍ വ്യക്തമാക്കി.