
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ നാല് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. മുസ്സാവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മത്തീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷരീഫ് എന്നിവർക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.
പ്രതികൾ ബെംഗളൂരുവിലെ ബിജെപി ഓഫീസ് ലക്ഷ്യമിട്ടിരുന്നു എന്നാണ് എൻഐഎയുടെ കണ്ടെത്തൽ. അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനം ബെംഗളൂരുവിലെ ബിജെപി ഓഫീസിൽ ബോംബ് സ്ഫോടനം നടത്താൻ പ്രതികൾ ശ്രമിച്ചെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. അന്ന് ബോംബ് സ്ഥാപിക്കാൻ കഴിഞ്ഞില്ല, കൃത്യം നടത്താനാകാതെ പ്രതികൾ മടങ്ങി. പിന്നീടാണ് ബ്രൂക്സ് ഫീൽഡിലെ രാമേശ്വരം കഫേയിൽ സ്ഫോടനം നടത്തിയതെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.
പ്രതികളിൽ രണ്ട് പേർ ഐഎസുമായി ബന്ധമുള്ളവരാണ്. ഒന്നാം പ്രതി മുസ്സവിർ ഹുസൈൻ ഷാസിബാണ് കഫേയിൽ ബോംബ് സ്ഥാപിച്ചത്. 2020-ൽ അൽ-ഹിന്ദ് തീവ്രവാദ മൊഡ്യൂളിന്‍റെ അറസ്റ്റിന് ശേഷം അബ്ദുൾ മത്തീൻ താഹയോടൊപ്പം ഒളിവിൽ പോയ ആളാണ് ഷാസിബെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായിട്ടാണ് താഹയും ഷാസിബും തീവ്രവാദ പ്രവർത്തനത്തിലേക്ക് എത്തിയത്. ശിവമൊഗ്ഗ സ്വദേശികളായ ഷാസിബും താഹയും ചേർന്നാണ് മാസ് മുനീറിനെയും മുസമ്മിൽ ഷെരീഫിനെയും തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിച്ചത്.
ബെംഗളൂരു ലഷ്കർ മൊഡ്യൂൾ കേസിലെ പ്രതികളും കഫേ സ്ഫോടനക്കേസ് പ്രതികളും അടുത്ത ബന്ധം പുലർത്തിയിരുന്നു. സൗത്ത് ഇന്ത്യയിലെ ഐസിസ് അമീർ എന്ന് അറിയപ്പെടുന്ന ഖാജ മൊഹിയിദ്ദീനുമായും ഇവർ കൂടിക്കാഴ്ച നടത്തിയെന്നും കുറ്റപത്രത്തിൽ എൻഐഎ പറയുന്നു.