
ഭോപ്പാൽ: ടോൾ ടാക്സ് തർക്കത്തിൻ്റെ തുടർന്നു മുഖംമൂടി ധരിച്ച തോക്കുധാരികളുടെ ആക്രമണത്തിനിടെ രക്ഷപ്പെടാൻ ഓടുന്നതിനിടെ മധ്യപ്രദേശിലെ ടോൾ പ്ലാസയിലെ രണ്ട് ജീവനക്കാർ കിണറ്റിൽ വീണു മുങ്ങിമരിച്ചു. ആഗ്ര സ്വദേശി ശ്രീനിവാസ് പരിഹാർ, നാഗ്പൂർ സ്വദേശി ശിവാജി കണ്ടേലെ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കിണറ്റിൽ നിന്ന് കണ്ടെടുത്തത്.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ദഗ്രായിലെ ദേശീയ പാത 44-ലെ ടോൾ പ്ലാസയിലായിരുന്നു സംഭവം. നാല് ബൈക്കുകളിലായെത്തി പന്ത്രണ്ടോളം പേരടങ്ങുന്ന സംഘം ടോൾ പ്ലാസയിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. മുഖംമറച്ച് തോക്കടക്കമുള്ള ആയുധങ്ങളുമായാണ് അക്രമികൾ എത്തിയത്. അവർ പിന്നീട് ടോൾ കൗണ്ടറുകളുടെ വാതിലുകളിൽ ചവിട്ടാൻ തുടങ്ങുകയും ചിലർ ബൂത്തുകളിൽ പ്രവേശിക്കുകയും ചെയ്തു. അക്രമികൾ കമ്പ്യൂട്ടറുകൾ നശിപ്പിക്കുന്നതും ടോൾ പ്ലാസ ജീവനക്കാരെ മർദിക്കുന്നതും അവരെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവ സ്ഥലത്തുനിന്നും ഭയന്ന് ഓടിയ രണ്ടു ജീവനക്കാർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
അക്രമികളുടെ കൈയിൽ ഉണ്ടായിരുന്ന തോക്കിൽ നിന്ന് ആകാശത്തേക്ക് വെടിയുതിർത്തതോടെ ജീവനക്കാർ ഭയന്നോടുകയായിരുന്നു. ടോൾ പ്ലാസയ്ക്കരികിലായി ഉണ്ടായിരുന്ന കിണറ്റിലേക്കാണ് ഇരുവരും വീണത്.
ഝാൻസിക്കും ഗ്വാളിയോറിനും ഇടയിലുള്ള ടോൾ പ്ലാസയുടെ കരാർ ഏപ്രിൽ ഒന്നിന് മാറിയിരുന്നു. നിലവിൽ പുതിയ കരാറുകാരന് ടോൾ പിരിവ് നടത്തുന്നത്. മുൻ കരാറുകാരനുമായി നാട്ടുകാരിൽ ചിലർ ധാരണയുണ്ടാക്കിയതായും അവരുടെ വാഹനങ്ങൾ പണം നൽകാതെ ടോൾ ബൂത്ത് കടന്നു പോകാറുണ്ടായിരുന്നുവെന്നുമാണ് വിവരം. പുതിയ കരാറുകാരൻ ഇതിന് വിസമ്മതിച്ചു. ഇത് തർക്കത്തിന് കാരണമാവുകയും ചൊവ്വാഴ്ച രാത്രി അക്രമികൾ പുതിയ കരാറുകാരനെ ഭയപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.