
വാഷിങ്ടൺ: സ്വന്തം രാജ്യത്തിന് കൂടുതൽ പ്രതിരോധ ആയുധങ്ങൾ ലഭിക്കുന്നതിനായി ഇന്ത്യ റഷ്യക്കൊപ്പം ചേർന്നുനിന്ന് സമർഥമായി കളിച്ചുവെന്ന് റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി നിക്കി ഹേലി. യുഎസിൻ്റെ പങ്കാളിയാകാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും എന്നാൽ യുഎസ് വിജയിക്കുമെന്നോ നയിക്കുമെന്നോ ഇന്ത്യക്ക് വിശ്വാസമില്ലെന്നും ഹേലി പറഞ്ഞു. നിലവിൽ അമേരിക്കയെ ദുർബലമായാണ് ഇന്ത്യ കാണുന്നത് എന്ന് ഫോക്‌സ് ബിസിനസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നിക്കി ഹേലി പറഞ്ഞു.
“എനിക്ക് പറയാനുണ്ട്. ഞാൻ ഇന്ത്യയുമായി ഇടപെട്ടിട്ടുണ്ട്. നരേന്ദ്ര മോദിയുമായി സംസാരിച്ചിട്ടുണ്ട്. ഇന്ത്യ ഞങ്ങളുടെ ഒരു പങ്കാളിയാകാൻ ആഗ്രഹിക്കുന്നു. റഷ്യയുടെ പങ്കാളിയാകാൻ അവർ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ജയിക്കുമെന്ന് ഇന്ത്യ വിശ്വസിക്കുന്നില്ല എന്നതാണ് പ്രശ്നം. ഞങ്ങൾ ദുർബലരാണെന്നാണ് അവർ കരുതുന്നത്. ഇന്ത്യ എപ്പോഴും സമർത്ഥമായി കളിക്കുകയാണ്. അവർ റഷ്യയുമായി അടുത്ത് നിന്നു. കാരണം അവർക്ക് ധാരാളം സൈനിക ഉപകരണങ്ങൾ ലഭിക്കുന്നത് അവിടെ നിന്നാണ്,”ഹേലി പറഞ്ഞു.
യുഎസ് മണലിൽ പൂഴ്ത്തിവച്ച തല പുറത്തെടുത്ത് തങ്ങളുടെ ദൗർബല്യങ്ങളെ ഇല്ലാതാക്കി ശക്തമായി പുറത്തുവരണമെന്നും നിക്കി ഹേലി പറഞ്ഞു.
മുൻ സൗത്ത് കരോലിന ഗവർണറും മുൻ പ്രസിഡൻ്റ ഡൊണാൾഡ് ട്രംപിൻ്റെ ഐക്യരാഷ്ട്രസഭയിലെ അംബാസഡറുമാണ് നിക്കി ഹേലി.