കേരളത്തെ നടുക്കിയ നീലേശ്വരം വെടിക്കെട്ടപകടം, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു, 8 പേർക്കെതിരെ ജാമ്യമില്ലാ കുറ്റം

കാസർകോട്: നീലേശ്വരത്ത് കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ടപകടം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാൻ തീരുമാനമായി. കാഞ്ഞങ്ങാട് ഡി വൈ എസ്‌ പിക്കാണ് മേല്‍നോട്ട ചുമതല. ഇതിൻ്റെ ഭാഗമായി അപകടങ്ങൾ ആവർത്തിക്കാതിരിക്കാന്‍ ക്ഷേത്ര കമ്മിറ്റികളുമായി ചര്‍ച്ച നടത്തും. വെടിക്കെട്ട് നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയെന്നതിന് ഉത്തമ ഉദാഹരണമാണ്. അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെയാണ് പടക്കശേഖരത്തിന് തീപിടിച്ചത്.

സ്ത്രീകളും കുട്ടികളുമുൾപ്പെടെ 150 ലധികം ആളുകൾക്കാണ് പരുക്കേറ്റത്. ആളുകൾ തടിച്ചു കൂടുന്ന സ്ഥലമായത് കൊണ്ട് തന്നെ പെട്ടെന്ന് ഒരു അപകടം സംഭവിച്ചാൽ ആൾക്കാരെ എളുപ്പത്തിൽ മാറ്റുക എന്നത് പ്രയാസകരമായ ഒന്നാണ്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ കുളിച്ചുതോറ്റം ചടങ്ങിനിടെയാണ് അപകടം നടക്കുന്നത്. പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് തീപ്പൊരി വീണതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റിട്ട കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റിനെയും സെക്രട്ടറിയേയും കസ്റ്റഡിയിലെടുത്തിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ക്ക് തെറ്റുപറ്റി. പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്നും ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, അഭിപ്രായപ്പെട്ടു. അശ്രദ്ധമായി വെടിക്കെട്ട് നടത്തിയതിന് 8 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide