നിപ: കുട്ടിയുടെ നില അതീവഗുരുതരം, മെഡിക്കൽ കോളജില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

കോഴിക്കോട്: നിപ സ്ഥിരീകരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്‍റെ മേൽനോട്ടത്തിൽ മെഡിസിൻ വിഭാഗം ഡോക്ടർ ജയേഷ് കുമാറിന്‍റെ നേതൃത്വത്തിൽ 30 പേരടങ്ങിയ പ്രത്യേക സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. ഓസ്ട്രേലിയയിൽ നിന്ന് മോണോ ക്ലോണൽ ആന്‍റിബോഡി മരുന്ന് ഇന്ന് എത്തുമെന്നാണ് വിവരം.

നിപ പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാ വിഭാഗങ്ങളിലെയും വിദഗ്ധരെ ഉൾപ്പെടുത്തി ടീം ഉണ്ടാക്കിയിട്ടുണ്ട്. ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകളും ക്രമീകരിച്ചു. നിരീക്ഷണത്തിലുള്ള ആർക്കെങ്കിലും രോഗലക്ഷണം കണ്ടാൽ ഇവിടേക്ക് മാറ്റും. നിരീക്ഷണത്തില്‍ കഴിയുന്ന മൂന്ന് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. നിപ സ്ഥിരീകരിച്ച കുട്ടിയുടെ സുഹൃത്ത് പനി ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഈ കുട്ടിയുടെ സ്രവവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഞായറാഴ്ച ഇതിന്റെ പരിശോധന ഫലം ലഭിക്കും. സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സ്രവവും പരിശോധയ്ക്ക് അയച്ചു. ഹൈറിസ്‌ക് കാറ്റഗറിയിലുള്ള 35 പേരുടെ സ്രവം ഞായറാഴ്ച പരിശോധനയ്ക്കായി അയക്കും.

ചികിത്സിച്ച ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, കുട്ടിയുടെ ബന്ധുകള്‍ തുടങ്ങിയവരെല്ലാം ഹൈറിസ്ക് കാറ്റഗറിയിലാണ്. കുട്ടിയെ ആദ്യം ചികിത്സിച്ച ക്ലിനിക്കിലെ ഡോക്ടര്‍, പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍, പത്തോളം ജീവനക്കാര്‍ തുടങ്ങിയവരാണ് നിരീക്ഷണത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് മുതല്‍ രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ ആളുകളുടെയും പട്ടിക ആരോഗ്യപ്രവര്‍ത്തകര്‍ തയാറാക്കിവരുന്നുണ്ട്. ചികിത്സ തേടിയ ആശുപത്രികളിലെത്തിയവര്‍, സ്‌കൂള്‍, ട്യൂഷന്‍ സെന്റര്‍ എന്നിവിടങ്ങളിലെ അധ്യാപക-വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ പട്ടികയാണ് തയാറാക്കുന്നത്. 50ഓളം ആരോഗ്യപ്രവര്‍ത്തകര്‍ പാണ്ടിക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.