
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, സുപ്രധാനമായ പ്രഖ്യാപനങ്ങളൊന്നും നടത്താതെ ധനമന്ത്രി നിർമല സീതാരാമന്റെ ഇടക്കാല ബജറ്റ് അവതരണം പൂർത്തിയായി. രണ്ടാം മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. 2047-ഓടെ വികസിത ഭാരതമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നിവർക്കാണ് ബജറ്റിൽ ഊന്നൽ നൽകുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ചില നിർദേശങ്ങളും റെയിൽവേ, ടൂറിസം മേഖലയുടെ വികസനത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങളുമാണ് ബജറ്റിൽ ഇടംപിടിച്ചിരിക്കുന്നത്. ഭക്ഷണം, പാർപ്പിടം, തൊഴിൽ തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മോദി സർക്കാർ കൊണ്ടുവന്ന പദ്ധതികൾ കൂടുതൽ വിപുലമാക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് മുക്തരായെന്നും നാലുകോടി കര്‍ഷകര്‍ക്ക് പി.എം. ഫസല്‍യോജനയിലൂടെ വിള ഇന്‍ഷുറന്‍സ് നല്‍കിയതായും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ സാമ്പത്തിക രംഗത്ത് ഗുണപരമായ മാറ്റങ്ങളുണ്ടായി. 2024 ൽ വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ. ജനങ്ങളുടെ ആശീർവാദം ഈ സർക്കാരിനുണ്ട്. മികച്ച ജനപിന്തുണയോടെ ഈ സർക്കാരിന്റെ വികസന പദ്ധതികൾ തുടരുമെന്നും ഇടക്കാല ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു.
ആദായ നികുതി പരിധിയിൽ മാറ്റമില്ലെന്നും നിലവിലെ നിരക്കുകൾ തുടരുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ അറിയിച്ചു. പ്രത്യക്ഷ, പരോക്ഷ നികുതികളിലും മാറ്റമില്ല.