
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ജനതാദൾ (യുണൈറ്റഡ്) പ്രസിഡൻ്റ് പ്രതിപക്ഷ ഇന്ത്യ ബ്ലോക്കിനെ ഉപേക്ഷിച്ച് ബി.ജെ.പി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിൽ ചേർന്നതിന് ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്. ഇനിയൊരിക്കലും എൻഡിഎ വിട്ടു പോകില്ലെന്ന് നിതീഷ് കുമാർ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നിതീഷ് കുമാർ ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി അധ്യക്ഷൻ ജെപി നദ്ദയെയും കണ്ടു. കൂടിക്കാഴ്ചയിൽ ബിഹാറുമായി ബന്ധപ്പെട്ട നിരവധി ഭരണ, രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി 12ന് നിയമസഭയിൽ നിതീഷ് കുമാർ സർക്കാർ വിശ്വാസവോട്ടെടുപ്പിന് ഒരുങ്ങുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച.
ജനുവരി അവസാനമാണ് നിതീഷ് കുമാർ ഇന്ത്യ ബ്ലോക്കുമായുള്ള സഖ്യം ഉപേക്ഷിച്ച് എൻഡിഎയിലേക്ക് തിരിച്ചെത്തിയത്. ബിജെപിയിൽ നിന്നും ജെഡി(യു) വിൽ നിന്ന് മൂന്ന് വീതം മന്ത്രിമാരടക്കം എട്ട് മന്ത്രിമാരുമായാണ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്‌തത്.