
ബിഹാറിലെ മഹാസഖ്യ സർക്കാരിനെ വീഴ്ത്തി നിതീഷ് കുമാർ രാജിവച്ചു. നിതീഷ് കുമാർ ഞായറാഴ്ച രാജ് ഭവനില്‍ നേരിട്ടെത്തിയാണ് ഗവർണർക്ക് രാജി കൈമാറിയത്. ആർജെഡി-കോൺഗ്രസ് സഖ്യം ഉപേക്ഷിച്ച് തന്റെ പഴയ മുന്നണിയായ എൻഡിഎയിലേക്ക് നിതീഷ് തിരികെ പോകുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
അതിനിടെയായിരുന്നു അദ്ദേഹം ഗവർണറെ കാണാൻ സമയം തേടിയത്. മുന്നണിമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ജെഡിയുവിന്റെ എംപിമാരുടെയും എംഎൽഎമാരുടെയും സംയുക്ത യോഗവും ഇന്ന് പട്‌നയിൽ ചേരുന്നുണ്ട്.
എൻ ഡി എയുമായി ചേർന്നുള്ള പുതിയ ബിഹാർ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് നടക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ബിഹാറിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി ബിജെപി എംഎൽഎമാരും എംപിമാരും ഞായറാഴ്ച രാവിലെ പത്ത് മണിക്ക് പട്‌നയിലെ പാർട്ടി ഓഫീസിൽ യോഗം ചേർന്നിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും മറ്റ് ചില ബിജെപി നേതാക്കളും ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പ്രത്യേക ചാർട്ടർ വിമാനത്തിൽ പട്‌നയിലെത്തും.
Nitish Kumar resigns as Bihar Chief Minister