മൂന്ന് ആര്‍ജെഡി എംഎല്‍എമാര്‍ മറുകണ്ടം ചാടി: ബിഹാറിൽ വിശ്വാസ വോട്ട് നേടി നിതീഷ് കുമാര്‍

പട്ന: ബിഹാറിൽ നിതീഷ് കുമാർ നയിക്കുന്ന ജെഡിയു – ബിജെപി സഖ്യ സർക്കാർ വിശ്വാസ വോട്ട് നേടി. 243 അംഗ സഭയിൽ 130 അംഗങ്ങളുടെ പിന്തുണ നേടിയാണ് സർക്കാർ വിശ്വാസം നേടിയത്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്ക് കനത്ത തിരിച്ചടി നല്‍കി വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പായി അവരുടെ മൂന്ന് എംഎല്‍എമാര്‍ ഭരണപക്ഷത്തോടൊപ്പം ചേര്‍ന്നു.

വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കാൻ വേണ്ടിയിരുന്നത് 122 പേരുടെ പിന്തുണയായിരുന്നെങ്കിലും, നിതീഷ് സർക്കാരിനു 130 പേരുടെ പിന്തുണ ലഭിച്ചു. പ്രതിപക്ഷ അംഗങ്ങൾ വിശ്വാസവോട്ടെടുപ്പു ബഹിഷ്കരിച്ചതിനാൽ 130–0 എന്ന നിലയിലാണ് സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചത്.

ബിജെപിക്ക് 78, ജെഡിയു–45, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്ക് നാല് സീറ്റുമാണ് ബിഹാർ നിയമസഭയിലുള്ളത്. ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണയും സർക്കാരിനുണ്ട്. ആർജെഡി – കോൺഗ്രസ് പ്രതിപക്ഷ സഖ്യത്തിന് 114 സീറ്റുകളാണുള്ളത്.

വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പ് സ്പീക്കര്‍ക്കെതിരെ ഭരണപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 112നെതിരെ 125 വോട്ടുകള്‍ക്ക് പാസായി. മഹാസഖ്യ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന അവാദ് ബിഹാരി ചൗധരി സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ജെഡിയു-ബിജെപി സഖ്യം അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

More Stories from this section

dental-431-x-127
witywide