
കൊച്ചി: നടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ നടന്‍ സിദ്ദിഖിന് കുരുക്ക് മുറുകുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു രാവിലെ ഹൈക്കോടതി തള്ളി. സിദ്ദിഖിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതായി അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി. യുവ നടിയുടെ മൊഴികള്‍ ശരിവെയ്ക്കുന്ന തെളിവുകള്‍ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസിലാണ് കോടതിയുടെ നടപടി.
സിദ്ദിഖിനെതിരായ ലൈംഗിക അതിക്രമക്കേസില്‍ കൂടുതല്‍ തെളിവുകളും സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. അച്ഛനും അമ്മയും കൂട്ടുകാരിയും ചേര്‍ന്നാണ് ഹോട്ടലില്‍ എത്തിച്ചതെന്ന മൊഴിക്കും സ്ഥിരീകരണമുണ്ട്. 2016 ജനുവരി 27ന് രാത്രി 12 ന് മുറിയെടുത്ത സിദ്ദീഖ് മടങ്ങിയത് പിറ്റേന്ന് വൈകിട്ട് 5 നാണ്. ഹോട്ടലില്‍ താമസിച്ചതിന്റെയും രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തി. ഹോട്ടല്‍ മുറി സംബന്ധിച്ച നടിയുടെ മൊഴികള്‍ ശരിയാണെന്ന് ഇതോടെ തെളിയുകയായിരുന്നു.
ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില് വിധി പറഞ്ഞത്. ഇതോടെ കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നേരത്തെ വാദം കേട്ടെങ്കിലും വിധി പറയാന്‍ മാറ്റുകയായിരുന്നു