
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. ഇഡിയുടെ കസ്റ്റഡിയിൽ ആറുദിവസത്തേക്ക് വിട്ടുകൊണ്ട് ദില്ലിയിലെ റോസ് അവന്യു കോടതി ഉത്തരവിട്ടു.
ഉച്ചയ്ക്ക് ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ദില്ലിയിലെ റോസ് അവന്യു കോടതിയില്‍ കെജ്രിവാളിനെ ഹാജരാക്കിയത്. ദില്ലിയിലെ മദ്യനയ അഴിമതിയില്‍ അരവിന്ദ് കെജ്രിവാളിന് പ്രധാന പങ്കുണ്ടെന്നും അഴിമതിക്കായി നടത്തിയ ഗൂഡാലോനയില്‍ കെജ്രിവാള്‍ പ്രധാന കണ്ണിയാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. മദ്യനയ അഴിമതിയിലൂടെ ദക്ഷിണേന്ത്യ മദ്യലോബിയില്‍ നിന്ന് അരവിന്ദ് കെജ്രിവാളിന് 100 കോടി രൂപയുടെ നേട്ടമുണ്ടായി. നടന്നത് 600 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. വലിയ ഹവാല ഇടപാടും നടന്നു. ഇതിലൂടെ കിട്ടിയ പണം ഗോവയിലെയും പഞ്ചാബിലെയും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചുവെന്നും ഇ.ഡിയുടെ അഭിഭാഷകന്‍ വാദിച്ചു. അതിനാല്‍ കെജ്രിവാളിന് ജാമ്യം നല്‍കരുതെന്നും അന്വേഷണവുമായി മുന്നോട്ടുപോകാന്‍ അരവിന്ദ് കെജ്രിവാളിനെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് ദില്ലി റോസ് അവന്യുവിലിലുള്ള പിഎംഎല്‍എ കോടതി അരവിന്ദ് കെജ്രിവാളിനെ ആറു ദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടത്.
ഇ.ഡി നടത്തിയ കൂടുതള്‍ വാദങ്ങള്‍
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി കോടതിയില്‍ ഹാജരായത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജുവായിരുന്നു. എട്ട് തവണ നോട്ടിസ് നല്‍കിയിട്ടും അന്വേഷണത്തോട് സഹകരിക്കാനോ, ചോദ്യം ചെയ്യലിന് ഹാജരാകാനോ കെജ്രിവാള്‍ തയാറാകാത്ത സാഹചര്യത്തിലായിരുന്നു അറസ്റ്റ് വേണ്ടി വന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മേല്‍നോട്ടത്തിലാണ് മദ്യനയ അഴിമതിക്കുള്ള ഗൂഡാലോചന നടന്നത്. അതിന് വേണ്ടി നടന്ന യോഗങ്ങളിലൊക്കെ കെജ്രിവാള്‍ പങ്കെടുത്തിട്ടുണ്ട്. ഇടപാടില്‍ അരവിന്ദ് കെജ്രിവാളിലേക്ക് കോടികള്‍ എത്തിയതിന് വ്യക്തമായ തെളിവുണ്ട്. ഇതേ കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു. മനീഷ് സിസോദിയയും കേസിലെ പ്രധാന കണ്ണിയാണ്. ആം ആദ്മി പാര്‍ടിയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന വിജയ് നായരും ജുഡീഷ്യല്‍ കസ്റ്റഡിയിലുണ്ട്. മദ്യനയ അഴിമതിയില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയ ആളാണ് വിജയ് നായരെന്നാണ് ഇ.ഡി കോടതിയില്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ മദ്യലോബിയെയും ആംആദ്മി പാര്‍ടിടയെയും ബന്ധിപ്പിക്കുന്നത് വിജയ് നായരെന്നായിരുന്നു. പുതിയ മദ്യനയത്തിലൂടെ ഇത്ര തുക കിക്ക്ബാക്കായി ലഭിക്കുമെന്ന് കെജ്രിവാളിന് കൃത്യമായ ധാരണ ഉണ്ടായിരുന്നതായും ഇ.ഡി കോടതിയെ അറിയിച്ചു.
കെജ്രിവാളിന് വേണ്ടി അഭിഭാഷകരുടെ വാദം
കെജ്രിവാളിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇപ്പോള്‍ ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ മനു അഭിഷേക് സിംഗ് വി ചൂണ്ടിക്കാട്ടി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെയാണ് ഇ.ഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏത് വിവരവും മുഖ്യമന്ത്രിയില്‍ നിന്ന് ഇ.ഡിക്ക് ലഭിക്കും. അതിന് അറസ്റ്റിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. എന്തിനാണ് ഇ.ഡി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്ന് ആദ്യം വ്യക്തമാക്കണം. സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിനായി കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതില്‍ തടസ്സമില്ല. പക്ഷെ, ഏത് അധികാരം ഉപയോഗിച്ചാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്ന് മനു അഭിഷേക് സിംഗ് വി ചോദിച്ചു. അന്വേഷണ ഏജന്‍സികള്‍ പറയുന്നത് അതുപോലെ അംഗീകരിച്ച് കോടതി തീരുമാനം എടുക്കരുത്.
ഇ.ഡിയുടെ നാടകീയ നീക്കം
ഇ.ഡിയുടെ അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയായിരുന്നു വ്യാഴാഴ്ച ഇ.ഡിയുടെ നീക്കം. അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ എത്തിയ ഇ.ഡി രാത്രി 9 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ദില്ലി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ടുദിവസം മുമ്പ് ബി.ആര്‍.എസ് നേതാവ് കെ.കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയായിരുന്നു കെജ്രിവാളിനെ ലക്ഷ്യംവെച്ചുള്ള നീക്കം.
കേസില്‍ വാദം നടക്കുന്നതിനിടയില്‍ അരവിന്ദ് കെജ്രിവാളിന് കോടതി മുറിയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായി. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോടതി മുറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. ഡോക്ടര്‍മാരെത്തി അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി പരിശോധിച്ചു.
No Bail for Kejriwal , 6 days in ED Custody













