
ന്യൂഡൽഹി: സുപ്രീംകോടതി നിലകൊള്ളുന്നത് ഇന്ത്യയിലെ എല്ലാ പൌരന്മാർക്കും വേണ്ടിയാണെന്നു ഒരാളുടെ സമ്പത്ത്, സമൂഹത്തിലുംള്ള നിലയും വിലയും, ജാതി, മതം, ലിംഗം, എന്നിവ പരിഗണിച്ചല്ല കേസ് പരിഗണിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഒരു കേസിനെയും നിസ്സാരമായി കണക്കാക്കുന്നില്ലെന്നും എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
“അർധരാത്രികളിലും ചിലപ്പോൾ എനിക്ക് ഇ-മെയിൽ സന്ദേശം ലഭിക്കാറുണ്ട്. ഒരിക്കൽ ഗർഭച്ഛിദ്രത്തെക്കുറിച്ച് പരാമർശിച്ച് ഒരു സ്ത്രീയുടെ സന്ദേശം വന്നു. ജീവനക്കാർ ഇക്കാര്യം എന്നെ അറിയിച്ചു. പിറ്റേന്ന് തന്നെ ഞങ്ങൾ അവരുടെ ഹർജി പരിഗണിക്കുകയായിരുന്നു. സുപ്രീംകോടതിയിൽ എത്തുന്ന ഒരു കേസിനെയും ചെറുതായി കണക്കാക്കില്ല. എല്ലാവരെയും തുല്യരായാണ് പരിഗണിക്കുക. സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുകയെന്നതാണ് ലക്ഷ്യം.”
സുപ്രീം കോടതിയുടെ ഓരോ നടപടിയും ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇന്ത്യയുടെ നിയമസംവിധാനത്തിന് ശക്തി പകരുന്നത് സുപ്രീംകോടതിയും ഹൈക്കോടതികളുമാണ്. ജനങ്ങളുടെ കോടതിയായാണ് ജില്ലാകോടതികളെ കണക്കാക്കുന്നത്. ഇതെല്ലാം സ്ഥാപിച്ചിരിക്കുന്നത് സമൂഹത്തിലെ എല്ലാവർക്കും നീതി ഉറപ്പുവരുത്താനാണെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.
വ്യക്തിഗത താത്പര്യങ്ങളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പങ്കുവച്ചു. ഏറ്റവും നല്ല സുഹൃത്ത് ഭാര്യ കൽപനയാണെന്നും ആയുർവേദിക് ഡയറ്റ് പിന്തുടരുന്നവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.











