കണ്‍വീനര്‍ നിയമന കാര്യത്തിൽ ഇന്ത്യാ മുന്നണിയില്‍ തര്‍ക്കമില്ല: ശരദ് പവാർ

ന്യൂഡൽഹി: കൺവീനറെ നിയമിക്കുന്നതിൽ ഇന്ത്യൻ ബ്ലോക്ക് അംഗങ്ങൾക്കിടയിൽ തർക്കമില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. എന്നാല്‍, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുതേടുന്നതിന് ആരേയും ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നും ഫലം വന്നശേഷം നേതാവിനെ തീരുമാനിക്കാമെന്നും പവാര്‍ വ്യക്തമാക്കി.

ശനിയാഴ്ച 14 പ്രധാന പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തില്‍ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കൺവീനറായി തീരുമാനിച്ച ഇന്ത്യാ മുന്നണി യോഗത്തിനുശേഷം പുണെയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെർച്വൽ മീറ്റിംഗിൽ, ഇന്ത്യ ബ്ലോക്ക് നേതാക്കൾ സഖ്യത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ചർച്ച ചെയ്തു.

നിതീഷ്‌കുമാറിനെ കണ്‍വീനറാക്കണമെന്ന നിര്‍ദേശം മുന്നണിയിലെ ചില അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നെങ്കിലും കണ്‍വീനര്‍ സ്ഥാനം ആവശ്യമില്ലെന്നാണ് പിന്നീടുണ്ടായ അഭിപ്രായമെന്ന് ശരദ് പവാര്‍ അറിയിച്ചു. കൺവീനറെ തീരുമാനിക്കുന്നതിന് പാര്‍ട്ടി നേതാക്കളുടെ ഒരുസംഘം രൂപീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

“ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെക്കുറിച്ച് ചർച്ച ചെയ്തില്ല… സീറ്റ് വിഭജനം ഞങ്ങൾ ചർച്ച ചെയ്യും. മഹാരാഷ്ട്രയിലെ ലോക്സഭാ സീറ്റുകളുടെ വിഭജനം ചർച്ച ചെയ്തു. അത് അന്തിമമായ ശേഷം ഞങ്ങൾ പ്രഖ്യാപിക്കും,” അദ്ദേഹം പറഞ്ഞു.

വിവിധ പരിപാടികളും സ്വീകരിക്കേണ്ട നയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. മുന്നണിയിലെ കക്ഷികളുടെ സംയുക്ത റാലികള്‍ രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാനുള്ള കമ്മറ്റിക്ക് രൂപംനല്‍കുമെന്നും പവാര്‍ അറിയിച്ചു.

അയോധ്യയിലെ രാമക്ഷേത്രത്തെ ആരും എതിര്‍ക്കുന്നില്ലെന്നും നിര്‍മാണം പൂര്‍ത്തിയാകുന്നതിനുമുമ്പ് പ്രതിഷ്ഠാചടങ്ങ് നടത്തുന്നതിലെ രാഷ്ട്രീയ ലക്ഷ്യമാണ് ചോദ്യചെയ്യപ്പെടേണ്ടതെന്നും എന്‍.സി.പി ദേശീയ അധ്യക്ഷന്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide