ന്യൂഡല്‍ഹി: കഴിഞ്ഞ തലമുറകളുടെ കഠിനാധ്വാനവും ത്യാഗവുമാണ് ബിജെപിയെ മഹത്തായ വിജയത്തിന്റെ പാതയിലേക്ക് നയിച്ചതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. പ്രധാനമന്ത്രി മോദിയുടെ ഭരണത്തിന് കീഴിലുള്ള ബിജെപിയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ.പി. നദ്ദ രണ്ട് ദിവസത്തെ മധ്യപ്രദേശ് സന്ദര്‍ശനത്തിനാണ് എത്തിയിരിക്കുന്നത്. നേരത്തെ മധ്യപ്രദേശിലെ ഷെഹ്ഡോളില്‍ നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടേത് രാജ്യത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണെന്ന് അദ്ദേഹം ആഞ്ഞടിച്ചിരുന്നു. ഏപ്രില്‍ 19, ഏപ്രില്‍ 26, മെയ് 7, മെയ് 13 തീയതികളിലായി നടക്കുന്ന ഏഴ് ഘട്ടങ്ങളില്‍ ആദ്യ നാല് ഘട്ടങ്ങളിലാണ് മധ്യപ്രദേശില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക.
‘ഞങ്ങള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഞങ്ങളുടെ വിജയത്തെക്കുറിച്ച് അനിശ്ചിതത്വത്തിലായ ആ കാലഘട്ടത്തിന് ഞങ്ങള്‍ സാക്ഷ്യം വഹിച്ചു. ഇന്ന്, ബിജെപി മഹത്തായ വിജയത്തിന്റെ പാതയില്‍ മുന്നേറുകയാണ്. അന്നുമുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാറുണ്ടായിരുന്നു, തിരഞ്ഞെടുപ്പില്‍ ജയിക്കുമോ ഇല്ലയോ എന്ന സംശയം ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നു, ഇപ്പോള്‍ മത്സരത്തിന് ഇറങ്ങുമ്പോള്‍ വിജയത്തില്‍ സംശയമില്ല, വോട്ടിന്റെ വ്യത്യാസം എന്തായിരിക്കുമെന്ന് ഞങ്ങള്‍ ചിന്തിക്കുന്നു. തലമുറകളുടെ കഠിനാധ്വാനവും ത്യാഗവുമാണ് പാര്‍ട്ടിയെ ഇവിടെയെത്തിയത്’- അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും മുത്തലാഖ് നിരോധനവും ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു നദ്ദ ബിജെപിയെ വാനോളം പുകഴ്ത്തിയത്. മാത്രമല്ല, ഇതെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മാത്രമേ സംഭവിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.