
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും ഇന്ത്യന്‍ പൊതു തെരഞ്ഞെടുപ്പില്‍ ഇടപെടാനും അമേരിക്ക ശ്രമിക്കുകയാണെന്ന അവകാശവുമായി റഷ്യ. രാജ്യത്ത് നടക്കുന്ന പൊതു പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സങ്കീര്‍ണ്ണമാക്കുന്നതിന് ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യം അസന്തുലിതമാക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയ ഔദ്യോഗിക വക്താവ് മരിയ സഖരോവ പറഞ്ഞു.
ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസിന്റെ റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ച്, ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് യുഎസ് ലക്ഷ്യമിടുന്നതെന്നും ഇന്ത്യയുടെ ദേശീയ മാനസികാവസ്ഥയെയും ചരിത്രത്തെയും കുറിച്ച് അമേരിക്കയ്ക്ക് ധാരണയില്ലെന്നും മരിയ സഖറോവ പറഞ്ഞു. അമേരിക്ക ‘അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ തുടരുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
ഖാലിസ്ഥാനി വിഘടനവാദിയായ ഗുര്‍പത്വന്ത് സിംഗ് പന്നൂനിനെതിരായ കൊലപാതക ഗൂഢാലോചനയില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകള്‍ യുഎസ് ഇതുവരെ നല്‍കിയിട്ടില്ലെന്നും ഇന്ത്യയെ അനുകൂലിച്ച് മരിയ സഖരോവ ഒരു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.
അമേരിക്ക ഇന്ത്യയുടെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തുടരുകയാണെന്നും ഇന്ത്യയോട് അനാദരവ് ആണ് ഇതെന്നും അവര്‍ ഇതിനെ വിശേഷിപ്പിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ (യുഎസ്സിഐആര്‍എഫ്) ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയെ മതസ്വാതന്ത്ര്യ ലംഘനത്തിന്റെ പേരില്‍ വിമര്‍ശിച്ചതിന് പിന്നാലെയാണിത്.









