
ന്യൂഡല്‍ഹി: മുഖ്യമന്ത്രി മമത ബാനര്‍ജിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ ബലാത്സംഗത്തനിരയായി കൊലപ്പെട്ട യുവ വനിതാ ഡോക്ടറുടെ കുടുംബം. കേസ് പൊലീസ് കൈകാര്യം ചെയ്ത രീതി കണ്ടാണ് തങ്ങളുടെ അഭിപ്രായമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
സിബിഐ ഒരു ശ്രമമെങ്കിലും നടത്തുന്നുണ്ടെന്നും മകളുടെ ഡയറിയുടെ ഒരു പേജ് താന്‍ സിബിഐക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടക്കത്തില്‍ തനിക്ക് മമത ബാനര്‍ജിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ ഇല്ല. അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഞങ്ങള്‍ക്ക് നീതി വേണം’ എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അതേ കാര്യം പറയുന്ന പൊതുജനങ്ങളില്‍ നിന്നുള്ളവര്‍ അവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
മകള്‍ക്ക് നീതി ലഭിക്കാനായി കേരളത്തിന്റെയടക്കം തെരുവില്‍ നടക്കുന്ന പോരാട്ടങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും മകളെ നഷ്ടപ്പെട്ട തങ്ങള്‍ക്ക് നീതി വേണമെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നുമാണ് സിബിഐയോട് പറയാനുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.