ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി; സര്‍ക്കുലറിന് സ്‌റ്റേയില്ല; വിശദമായ വാദം കേൾക്കും

കൊച്ചി: കേരളത്തിലെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരായ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിന് വിസമ്മതിച്ച് ഹൈക്കോടതി. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷം തുടര്‍നടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. പരിഷ്‌കരണത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും വിവിധ തൊഴിലാളി സംഘടനകളും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാടറിയിച്ചത്.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർ ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരുമടക്കമുള്ളവരാണ് ഹർജി നൽകിയത്. ട്രാൻസ്‌പോർട്ട് കമ്മിഷണർ ഇറക്കിയ സർക്കുലർ കേന്ദ്രനിയമത്തിന് വിരുദ്ധമാണെന്നും സർക്കാരിന് നിയമത്തിൽ മാറ്റം വരുത്താൻ ആകില്ലെന്നും ഹർജിയിൽ പറയുന്നു. അതിനാൽ ഈ സർക്കുലർ റദ്ദാക്കണമെന്നും ഹർജിയിൽ വിധി വരുന്നത് വരെ സർക്കുലർ സ്റ്റേ ചെയ്യണമന്നുമാണ് ആവശ്യം.

എന്നാല്‍ ഈ വാദം തെറ്റാണെന്നും കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 4/2024 എന്ന സര്‍ക്കുലര്‍ ഇറക്കിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഗിയര്‍ ഇല്ലാത്ത ഇരുചക്ര വാഹനം ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നതും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നതും കാര്യക്ഷമത കൂട്ടാനാണെന്നും കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് വിശദമായ വാദം കേള്‍ക്കാമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കിയത്.

മെയ് രണ്ടാം തിയതി മുതലാണ് പരിഷ്‌കരണം നിലവില്‍ വന്നത്. എന്നാല്‍ സിഐടിയു അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂര്‍ണ്ണമായും മുടങ്ങിയ അവസ്ഥയിലാണ്.