
തിരുവനന്തപുരം: കനത്ത വേനല്‍ച്ചൂടില്‍ വെന്തുരുകുമ്പോള്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ലോഡ് ഷെഡിങ്ങില്ലാതെ മറ്റ് വഴികള്‍ നിര്‍ദ്ദേശിക്കാന്‍ കെ.എസ്.ഇ.ബി യോട് സര്‍ക്കാര്‍. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാനാകുമോ എന്നായിരുന്നു പ്രധാന ചര്‍ച്ച. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുതിച്ചു ഉയരുന്നത് വലിയ വെല്ലുവിളിയാണെന്നും വൈദ്യുതി ആവശ്യകത ഇനിയും ഉയര്‍ന്നാല്‍ വിതരണം കൂടുതല്‍ തടസ്സപ്പെടുമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഗത്യന്തരമില്ലാത്തതിനാല്‍ ലോഡ് ഷെഡിങ് നടപ്പാക്കണമെന്നായിരുന്നു കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. ഇത് സ്വീകാര്യമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
വേനലില്‍ പരമാവധി 5800 മെഗാവാട്ട് വരെ താങ്ങാനാവുന്ന സംവിധാനമേ കെ.എസ്.ഇ.ബിക്കുള്ളൂ. അതിന് മുകളിലേക്ക് പോയാല്‍ ഗുരുതര പ്രതിസന്ധിയാണുണ്ടാവുക. ആവശ്യകത കൂടുന്നതിനനുസരിച്ച് അമിത ലോഡ് പ്രവഹിക്കുമ്പോള്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ ട്രിപ്പാകും. ഇതാണ് ഇടയ്ക്കിടെയുണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് കാരണം.
മാത്രമല്ല, ചൂടു കൂടിയതോടെ എസിയുടെ കനത്ത ഉപയോഗമാണ് കെ.എസ്.ഇ.ബിയെ വെട്ടിലാക്കുന്നത്. മഴ തുടങ്ങിയാല്‍ പ്രതിസന്ധിക്ക് അയവു വരും. ലോഡ് ഷെഡിങ് ഒഴിവാക്കി അതുവരെ കാത്തിരിക്കാനാകുമോ എന്നതാണ് ബോര്‍ഡിന് മുന്നിലെ പ്രധാന ആശങ്ക.