
ഇടുക്കി : ചിന്നക്കനാലില്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഭൂമി സംരക്ഷണഭിത്തി കെട്ടി തിരിച്ചിട്ടില്ലെന്നും ചെറിയ ഭാഗത്തു മാത്രം പുതുക്കിപ്പണി നടത്തിയെന്നുമാണ് എം.എല്‍.എയുടെ വാദം. ഉദ്യോഗസ്ഥര്‍ അളന്നുപോയത് എതിര്‍വശത്തുള്ള ഭൂമിയെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ ആ ഭൂമി എന്റേതല്ല. കൈയിലുള്ളത് അധ്വാനിച്ച് വാങ്ങിയ ഭൂമിയെന്നും, എത്ര ഭൂമി പിടിച്ചെടുക്കുമെന്ന് പറഞ്ഞാലും ഒരിഞ്ച് പോലും പിന്നോട്ടു പോകില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു
അതേസമയം, മാത്യു കുഴല്‍നാടന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാല്‍ റിസോര്‍ട്ടില്‍ അനധികൃതമായി കൈവശംവെച്ച പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കി. ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് കളക്ടര്‍ അംഗീകരിച്ചുകൊണ്ടാണ് പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയത്. പ്രാഥമിക നടപടിയുടെ ഭാഗമായി സര്‍വ്വേ പ്രകാരം വില്ലേജ് ഓഫീസറോട് റിപ്പോര്‍ട്ട് വാങ്ങും. ഇതിന് ശേഷം ഹിയറിങ് നടത്തും.
അധിക ഭൂമിയുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ കഴിഞ്ഞ ദിവസമാണ് റവന്യു വകുപ്പ് ശരിവെച്ചത്. ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസിദാറണ് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിരിക്കുന്ന ഭൂമിയില്‍ ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് അധികമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.