രാജ്യത്ത് മോദി തരംഗമില്ലെന്ന് ബിജെപി സ്ഥാനാർത്ഥി; നവ്നീത് റാണയുടെ പ്രസംഗം വൈറൽ, ഏറ്റെടുത്ത് പ്രതിപക്ഷം

മുംബൈ: രാജ്യത്താകമാനം മോദി തരംഗം ആഞ്ഞടിക്കുകയാണെന്ന ബിജെപിയുടെ അവകാശവാദം തള്ളി സ്വന്തം സ്ഥാനാർത്ഥി. മഹാരാഷ്ടയിലെ അമരാവതി ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി നവ്നീത് റാണയുടെ തുറന്നുപറച്ചിലാണ് പാർട്ടിയെ വെട്ടിലാക്കിയത്. പാർട്ടി പ്രവർത്തകർ മാത്രമുള്ള യോഗത്തിലാണ് അവർ ഈ തുറന്നുപറച്ചിൽ നടത്തിയത്. നവ്നീതീന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ രാഷ്ടീയ എതിരാളികൾ വൈറലാക്കി.

മാധ്യമപ്രവർത്തകരെയൊന്നും പ്രവേശിപ്പിക്കാതെ നടത്തിയ യോഗത്തിലാണ് ചലച്ചിത്രതാരം കൂടിയായ റാണ, മോദി തരംഗമി​ല്ലെന്ന് പാർട്ടി പ്രവർത്തകരോട് പറഞ്ഞത്. എന്നാൽ, ഇതിന്റെ വിഡിയോ വൈറലായതോടെ ബിജെപിക്ക് ന്യായവാദങ്ങളില്ലാതാവുകയായിരുന്നു.

“ഈ തിരഞ്ഞെടുപ്പിനെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പെന്ന പോലെ കണക്കാക്കി നമ്മൾ സജീവമാകണം. മോദി തരംഗമുണ്ടെന്ന മിഥ്യാബോധവുമായി വീട്ടിൽ കുത്തിയിരിക്കരുത്. കഴിഞ്ഞ തവണ മോദി തരംഗമുണ്ടായിട്ടും ഞാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചു” വെന്നുമാണ് സ്ഥാനാർത്ഥി പറഞ്ഞത്. 

പ്രതിപക്ഷ കക്ഷികളാവട്ടെ, നവനീത് റാണയുടെ പ്രസ്താവനക്ക് വൻ പ്രചാരണമാണ് നൽകുന്നത്. അവർ സത്യമാണ് പറഞ്ഞതെന്നും രാജ്യത്തുടനീളം ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ 45 സീറ്റ് മാത്രമേ ലഭിക്കൂവെന്നും ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. സ്വന്തം പാർട്ടിക്കാർക്കു പോലും മോദിയിൽ വിശ്വാസമില്ലാതായി എന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രചരണം.

More Stories from this section

family-dental
witywide