ഇനിയുള്ള കാലം അകത്തു കടക്കാം; ബലാത്സംഗക്കേസിലെ പ്രതി റാം റഹീമിന് കോടതി അനുമതിയില്ലാതെ പരോളില്ല

ന്യൂഡൽഹി: ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീം സിങ്ങിന് കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ പരോൾ അനുവദിക്കാനാകില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഹരിയാന സർക്കാരിനെ അറിയിച്ചു.

രണ്ട് വിദ്യാർത്ഥിനികളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ട റാം റഹീമിന് അടുത്തിടെ 50 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ഇതിനെതിരെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി) ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് കോടതി വിധി.

റാം റഹീമിന് സമാനമായി എത്ര പേർക്ക് കൂടി പരോൾ അനുവദിച്ചിട്ടുണ്ടെന്നും ഹരിയാന സർക്കാരിന് നിർദ്ദേശം നൽകുന്നതിനിടെ കോടതി ചോദിച്ചു. നേരത്തെ 2023 നവംബറിൽ 21 ദിവസത്തെ പരോളിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. 

റാം റഹീമിൻ്റെ പരോൾ അവസാനിക്കുന്ന മാർച്ച് 10 ന് കീഴടങ്ങുമെന്ന് ഉറപ്പാക്കാൻ ഹരിയാന സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. അടുത്ത തവണ റാം റഹീമിന് പരോൾ നൽകാൻ കോടതിയുടെ അനുമതി തേടാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു.