‘ഒരു ശക്തിക്കും ഞങ്ങളെ തടയാനാകില്ല’; യു.എസ് മുന്നറിയിപ്പ് അവഗണിച്ച് റഫ ആക്രമിക്കാനുറച്ച് ഇസ്രയേല്‍

ന്യൂഡല്‍ഹി: ഹമാസിനെതിരായ യുദ്ധത്തില്‍ യുഎസ് മുന്നറിയിപ്പ് അവഗണിച്ച് റഫയിലെ ഹമാസിനെ ഇല്ലാതാക്കുമെന്ന് ഇസ്രായേല്‍ പ്രതിജ്ഞയെടുത്തു. തെക്കന്‍ ഗാസ നഗരമായ റഫയില്‍ ഉള്‍പ്പെടെയുള്ള ഹമാസ് പോരാളികളെ ഇല്ലാതാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. റഫ ആക്രമിക്കപ്പെട്ടാല്‍ ഇസ്രായേല്‍ ആഗോളതലത്തില്‍ കൂടുതല്‍ ഒറ്റപ്പെടാന്‍ സാധ്യതയുണ്ടെന്ന അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇസ്രയേലിന്റെ തീരുമാനം.

തെക്കന്‍ ഗാസ നഗരമായ റഫയില്‍ ഉള്‍പ്പെടെ ഹമാസിന്റെ പോരാളികളെ ഇസ്രായേല്‍ ഇല്ലാതാക്കുമെന്നും ഇതില്‍ നിന്നും തങ്ങളെ ഒരു ശക്തിക്കും തടയാനാകില്ലെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, റഫ ആക്രമണം ഒരു അബദ്ധമായിരിക്കുമെന്നും സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കണമെന്നും അമേരിക്ക ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഗാസ മുനമ്പിലെ പലസ്തീന്‍ നഗരമായ റഫയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ ഇസ്രായേല്‍ കൂടുതല്‍ ആഗോള ഒറ്റപ്പെടലിന് ഇരയാകുമെന്ന് കഴിഞ്ഞ മാസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യാന്‍ ഇസ്രയേലിനൊപ്പമാണെന്നും എന്നാല്‍ സാധാരണക്കാരുടെ മരണത്തോട് എതിര്‍പ്പാണെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അമേരിക്ക.

ഹമാസുമായി സന്ധി ചെയ്യാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ കുറിച്ച് കെയ്റോയില്‍ ഇസ്രായേല്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് നെതന്യാഹുവിന്റെ പരാമര്‍ശം.

More Stories from this section

family-dental
witywide