
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളി. മാത്യു കുഴല്‍നാടന്‍ എം എല്‍ എ നല്‍കിയ ഹര്‍ജിയാണ് തിരുവനന്തരപുരം വിജിലന്‍സ് കോടതി തള്ളിയത്. കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം.
സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്നാണ് ഹര്‍ജിക്കാരനായ മാത്യു കുഴല്‍നാടന്‍ ആരോപിച്ചത്. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവുകള്‍ ഹാജരാക്കാന്‍ മാത്യുകുഴല്‍ നാടനോട് കോടതി ആവശ്യപ്പെട്ടതനുസരിച്ച് ചില രേഖകള്‍ കുഴല്‍നാടന്റെ അഭിഭാഷകന്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സും വാദിച്ചു. തുടര്‍ന്നാണ് കോടതി ഹര്‍ജി തള്ളിയത്.













