ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പൂഴ്ത്തിവച്ച അഞ്ചു പേജുകള്‍ പുറത്തുവിടില്ല, പുതിയ പരാതി കിട്ടിയെന്ന് വിവരാവകാശ കമ്മിഷന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൂടുതല്‍ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല. പൂഴ്ത്തിവച്ച അഞ്ചു പേജുകള്‍ പുറത്തുവിടരുതെന്ന് കാട്ടി പുതിയ പരാതി ലഭിച്ചതിനാലാണ് ഇന്ന് വിധിയുണ്ടാകില്ലെന്ന് അവസാന നിമിഷം വിവരാവകാശ കമ്മിഷന്‍ വ്യക്തമാക്കിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുന്നോടിയായി വ്യക്തിപരമായ വിവരങ്ങള്‍ അടങ്ങിയ പേജുകള്‍ ഒഴിവാക്കണമെന്നായിരുന്നു വിവാരാവകാശ കമ്മിഷന്‍ മുന്നോട്ടുവെച്ച ഉപാധി. ഇത് അനുസരിച്ചാണ് സര്‍ക്കാര്‍ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ നീക്കം ചെയ്തത്. നീക്കം ചെയ്ത പേജുകള്‍ പുറത്തുവരണമെന്നായിരുന്നു ഹിയറിങ്ങില്‍ മാധ്യമ പ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ പ്രധാനമായി ഉന്നയിച്ചത്.

ഇക്കാര്യത്തിലാണ് ഇന്ന് ഉത്തരവ് ഉണ്ടാകാനിരുന്നത്. ഇതിനൊപ്പം അപേക്ഷ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നീക്കം ചെയ്ത പേജിലെ വിവരങ്ങള്‍ കൈമാറിയേക്കുമെന്നായിരുന്നു ലഭിച്ച വിവരം. എന്നാല്‍, നാടകീയമായി അവസാന നിമിഷം വിധി പറയുന്നത് മാറ്റുകയായിരുന്നു.

295 പേജുള്ള റിപ്പോര്‍ട്ടില്‍ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി ബാക്കിയുള്ളവ നല്‍കാനാണ് ജൂലൈ 5ന് വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. അതിന്‍പ്രകാരം 4 പേജുകളും 11 ഖണ്ഡികയുമാണ് ഒഴിവാക്കിയത്. സിനിമ ലോകത്തെ അതി പ്രശസ്തനെതിരെ ഇന്ന് പുറത്തുവിടുന്ന പേജുകളില്‍ ആരോപണമുണ്ടെന്നായിരുന്നു സൂചന.

More Stories from this section

family-dental
witywide