
കൊല്‍ക്കത്ത: ഞാനിവിടെയുള്ളിടത്തോളം മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാത്രമല്ല, മോദിയുടെ അഞ്ച് ഗ്യാരണ്ടികള്‍ എന്ന പേരില്‍ മറ്റ് ചില ഉറപ്പുകള്‍ കൂടി പശ്ചിമ ബംഗാളിന് നല്‍കി പ്രധാനമന്ത്രി. എസ്സി, എസ്ടി, ഒബിസി എന്നിവയുടെ സംവരണം തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും, രാമനവമി പൂജ ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും, അയോധ്യയിലെ രാമക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും സിഎഎയുടെ ഉറപ്പുമാണ് മോദിയുടെ ഉറപ്പ് നല്‍കി.
മമതയ്‌ക്കെതിരെ ആഞ്ഞടിച്ച മോദി ”ശ്രീരാമന്റെ നാമം ജപിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആളുകളെ ഭീഷണിപ്പെടുത്തുന്നുവെന്നും രാമനവമി ആഘോഷിക്കാന്‍ അവര്‍ ജനങ്ങളെ അനുവദിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. കോണ്‍ഗ്രസും രാമക്ഷേത്രത്തിനെതിരെ നിലകൊള്ളുന്നുവെന്നും. ടിഎംസിയുടെയും കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും കൈകളില്‍ രാജ്യം വിട്ടുകൊടുക്കണോ? എന്നും മോദി പറഞ്ഞു. ബംഗാളില്‍ തന്റെ വിശ്വാസം പിന്തുടരുന്നത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാണെന്നും മോദി തുറന്നടിച്ചു.
പശ്ചിമ ബംഗാള്‍, പ്രത്യേകിച്ച് ബാരക്പൂര്‍ എന്ന നാട് ചരിത്രം എഴുതിയിട്ടുണ്ടെന്നും ഈ ഭൂമി സ്വാതന്ത്ര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചുവെന്നും പറഞ്ഞ മോദി, എന്നാല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ടിഎംസി അതിനെ അഴിമതികളുടെ കേന്ദ്രമാക്കി മാറ്റിയെന്നും കുറ്റപ്പെടുത്തി. ബരാക്പൂരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.