ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പരക്കെ വിമര്‍ശിക്കപ്പെടുമ്പോഴും വീണ്ടും കടുത്ത വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കില്ലെന്നാണ് പ്രധാനമന്ത്രി ഇന്ന് പറഞ്ഞത്. പട്ടികജാതി (എസ്സി), പട്ടികവര്‍ഗം (എസ്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവയെപ്പോലെ മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.
തെലങ്കാനയിലെ മേദക് ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ സംസാരിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അപമാനിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘കോണ്‍ഗ്രസ് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്ന ആളുകളാണ്, അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്യുന്നു, അവര്‍ ഇവിഎമ്മിനെ ചോദ്യം ചെയ്യുന്നു, ഇപ്പോള്‍ അവരുടെ വോട്ട് ബാങ്കിന് വേണ്ടി അവര്‍ ഭരണഘടനയെ അപമാനിക്കുന്നു… ഞാന്‍ ജീവിച്ചിരിക്കുന്ന കാലം വരെ, ദലിതര്‍, എസ്സി, എസ്ടി, ഒബിസി എന്നിവര്‍ക്കുള്ള സംവരണം മതത്തിന്റെ പേരില്‍ മുസ്ലിംകള്‍ക്ക് നല്‍കാന്‍ ഞാന്‍ അവരെ അനുവദിക്കില്ല,’-പ്രധാനമന്ത്രി പറഞ്ഞു.
മാത്രമല്ല, വീണ്ടും പ്രധാനമന്ത്രിയാകുമെന്ന ആത്മവിശ്വാസത്തില്‍ തന്റെ മൂന്നാം ടേമില്‍ ഭരണഘടനയുടെ 75 വര്‍ഷം വിപുലമായി ആഘോഷിക്കുമെന്നും മോദി പറഞ്ഞു.