
ഡമാസ്കസ്: സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനുമേൽ മതനിയമം അടിച്ചേൽപ്പിക്കില്ലെന്ന് സിറിയയിൽ അസദിനെ പുറത്താക്കി ഭരണം പിടിച്ചെടുത്ത വിമതരുടെ ഉറപ്പ്. സ്ത്രീകൾക്ക് മതപരമായ വസ്ത്രധാരണം നിർബന്ധമാക്കില്ലെന്നും എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും വിമതസേനയുടെ ജനറൽ കമാൻഡർ അറിയിച്ചു.
സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് കർശനമായി തടയും. വ്യക്തിസ്വാതന്ത്ര്യം എല്ലാവർക്കും ഉറപ്പുനൽകും. വ്യക്തികളുടെ അവകാശങ്ങളോടുള്ള ബഹുമാനമാണ് പരിഷ്കൃത രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇസ്ലാമിക നിയമമായ ശരിഅ പ്രകാരമായിരിക്കും ഭരണമെന്ന് അഭ്യൂഹമുയർന്നിരുന്നു. എന്നാൽ, 2011ൽ ആരംഭിച്ച ആഭ്യന്തരയുദ്ധത്തെത്തുടർന്ന് വിമതരുടെ നിയന്ത്രണത്തിലായ പ്രദേശങ്ങളിൽ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ കർശന നിയന്ത്രണം വന്നിരുന്നു.
ബഹുഭൂരിപക്ഷം സ്ത്രീകളും കൈയും മുഖവും ഒഴിച്ചുള്ള ശരീരഭാഗങ്ങൾ മറച്ചാണു വസ്ത്രംധരിക്കുന്നത്. വിമത നേതാവായ അബു മുഹമ്മദ് അൽ ജുലാനി കടുത്ത ഇസ്ലാമിക യാഥാസ്ഥിതികനും അൽഖ്വയ്ദ, ഐഎസ് എന്നിവയുമായി ബന്ധമുള്ളയാളുമായിരുന്നു.
Not intervenes in Woman’s dressing choices, Says Syrian rebels