
ചെന്നൈ: പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിൽ ചേർന്നിട്ടില്ലെന്നു നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമൽ ഹാസൻ. രാജ്യത്തെപ്പറ്റി നിസ്വാർഥമായി ചിന്തിക്കുന്ന ആർക്കൊപ്പവും സഹകരിക്കുമെന്ന് കമൽ പറഞ്ഞു. എംഎൻഎം പാർട്ടിയുടെ ഏഴാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘എംഎൻഎമ്മിന്റെ രാഷ്ട്രീയ സഖ്യത്തെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ‘നിസ്വാർഥമായി’ രാജ്യത്തെപ്പറ്റി ചിന്തിക്കുന്ന ഏതു സഖ്യത്തെയും പിന്തുണയ്ക്കും. എന്നാൽ, ഫ്യൂഡൽ രാഷ്ട്രീയത്തിന്റെ ഭാഗമാകില്ല’’– കമൽ പറഞ്ഞു. ഇന്ത്യ മുന്നണിയെപ്പറ്റിയുള്ള ചോദ്യത്തിന്, ‘കക്ഷി രാഷ്ട്രീയം മാറ്റിവച്ച് രാജ്യത്തെപ്പറ്റി ചിന്തിക്കേണ്ട സമയമാണ്. അതിനൊപ്പം എംഎൻഎം ഉണ്ടാകും’ എന്നുമായിരുന്നു മറുപടി.
പാർട്ടിയുടെ ഭാവിപരിപാടിയെപ്പറ്റിയുള്ള ശുഭ വാർത്ത മാധ്യമങ്ങളെ അറിയിക്കുമെന്നും പറഞ്ഞു. കമലിന്റെ മക്കൾ നീതി മയ്യം, കോൺഗ്രസുമായി ചേർന്നു ഡിഎംകെ സഖ്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു.
യുവ തമിഴ് നടൻ വിജയിയുടെ സമീപകാല രാഷ്ട്രീയ പ്രവേശനത്തെയും കമൽ ഹാസൻ സ്വാഗതം ചെയ്തു.












