ശ്രദ്ധിക്കപ്പെടുന്ന ടാറ്റൂകള്‍ ഉടന്‍ നീക്കം ചെയ്യണം; ഒഡീഷയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം

ഭുവനേശ്വര്‍: യൂണിഫോമിനു പുറത്തായി എളുപ്പത്തില്‍ ശ്രദ്ധിക്കാവുന്നതരത്തില്‍ ശരീരത്തിലുള്ള ടാറ്റൂകള്‍ നീക്കം ചെയ്യാന്‍ ഒഡീഷയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം.

അശ്ലീലവും അപകീര്‍ത്തികരവുമാണെന്ന് കരുതുന്നതിനാല്‍ ശരീരത്തിലെ ടാറ്റൂകള്‍ 15 ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഒഡീഷ പോലീസ് പ്രത്യേക സുരക്ഷാ ബറ്റാലിയന്‍ ഉദ്യോഗസ്ഥരോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭുവനേശ്വര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സെക്യൂരിറ്റി), ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥരില്‍ നല്ലൊരു വിഭാഗം ആളുകള്‍ അവരുടെ ശരീരത്തില്‍ പച്ചകുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് ബറ്റാലിയന്റെയും ഒഡീഷ പോലീസിന്റെയും പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും വ്യക്തമാക്കിയ ഉത്തരവില്‍ ഇന്നു മുതല്‍, യൂണിഫോം ധരിക്കുമ്പോള്‍ ദൃശ്യമാകുന്ന ടാറ്റൂകള്‍ അനുവദനീയമല്ലെന്നും പറഞ്ഞു.

മാത്രമല്ല, ശരീരത്തില്‍ ‘എളുപ്പത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ടാറ്റൂകള്‍’ ഉള്ള എസ്എസ്ബി ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുമുണ്ട്.

മുഖ്യമന്ത്രിയുടെ വസതി, രാജ്ഭവന്‍, സംസ്ഥാന സെക്രട്ടേറിയറ്റ്, ഒഡീഷ നിയമസഭ, ഹൈക്കോടതി തുടങ്ങിയ സുപ്രധാന സ്ഥാപനങ്ങള്‍ക്ക് എസ്എസ്ബി ഉദ്യോഗസ്ഥര്‍ സുരക്ഷ നല്‍കിവരുന്നുണ്ട്. കൂടാതെ, സംസ്ഥാനത്തിനകത്തുള്ള വിവിഐപികള്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് ഒഡീഷ സന്ദര്‍ശിക്കുന്നവര്‍ക്കും സുരക്ഷ നല്‍കുന്നു.

More Stories from this section

family-dental
witywide