രാഹുൽ ഗാന്ധി തോൽവി ഭയന്ന് അമേഠിയിൽ നിന്ന് ഓടിപ്പോയി; റായ്ബറേലി സ്ഥാനാർത്ഥിത്വത്തിൽ പരിഹസിച്ച് മോദി

ന്യൂഡൽഹി: 2019ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അമേഠിയിൽ നിന്ന് മത്സരിക്കാതെ അമ്മ സോണിയാ ഗാന്ധി ഒഴിഞ്ഞ റായ്ബറേലി സീറ്റിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും തീരുമാനത്തെ പരിഹരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തോൽവി ഭയന്നാണ് രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് ഓടിപ്പോയതെന്ന് ബംഗാളിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.

“ഇന്ന് ഞാനും അദ്ദേഹത്തോട് പറയാൻ ആഗ്രഹിക്കുന്നു, ഭയപ്പെടേണ്ട, ഓടിപ്പോകരുത്,” പ്രധാനമന്ത്രി പരിഹസിച്ചു.

വിമർശകരെയും രാഷ്ട്രീയ എതിരാളികളെയും ഭയപ്പെടുത്താൻ ബിജെപി സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി പലപ്പോഴും ‘ഭയപ്പെടേണ്ട’ എന്ന് ബിജെപിയോട് പറഞ്ഞിട്ടുണ്ട്.

ഭയം നിമിത്തം അമ്മയും മകനും തങ്ങളുടെ സീറ്റുകളിൽ മത്സരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുമെന്ന് താൻ പ്രവചിച്ചതായി പറഞ്ഞ പ്രധാനമന്ത്രി സോണിയാ ഗാന്ധിയെയും വെറുതെ വിട്ടില്ല.

“അവരുടെ ഏറ്റവും വലിയ നേതാവ് പോലും മത്സരിക്കാൻ ധൈര്യപ്പെടില്ല, അവർ ഭയന്ന് ഓടിപ്പോകും എന്ന് ഞാൻ പറഞ്ഞിരുന്നു. അവർ രാജസ്ഥാനിലേക്ക് ഓടി, അവിടെ നിന്ന് രാജ്യസഭയിലെത്തി. അതാണ് സംഭവിച്ചത്,” മോദി പറഞ്ഞു.

“വയനാട്ടിൽ തോൽക്കുമെന്ന് രാജകുമാരന് (രാഹുൽ ഗാന്ധി) പേടിയുണ്ടെന്നും അവസാനിക്കുന്ന നിമിഷം അദ്ദേഹം മൂന്നാം സീറ്റിനായി തിരയാൻ തുടങ്ങുമെന്നും ഞാൻ പറഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ വിശ്വസ്തരെല്ലാം പറഞ്ഞിട്ടും അമേഠിയിൽ നിന്ന് മത്സരിക്കാൻ പോലും അദ്ദേഹം പേടിച്ചു. അവിടെ നിന്ന് ഓടി, ഇപ്പോൾ റായ്ബറേലിയിൽ എത്തിയിരിക്കുന്നു. ഇന്ന് ഞാൻ അവരോട് പറയുന്നു, ഭയപ്പെടേണ്ട, ഓട്ടം നിർത്തൂ.”