നായർ സമുദായം ഒന്നിച്ചില്ലെങ്കിൽ മുറ്റത്ത് കുഴികുത്തി ഇലയിട്ട് കഞ്ഞി കുടിപ്പിക്കും: ജി. സുകുമാരൻ നായർ

ചങ്ങനാശ്ശേരി: നായർ സമുദായം ഐക്യത്തോടെ നിന്നില്ലെങ്കിൽ ഭാവിയിൽ ഒറ്റപ്പെടുമെന്നും രാഷ്ട്രീയ പാർട്ടികളോ സർക്കാറുകളോ കൂടെ കാണില്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഭരണം ലഭിക്കാൻ ന്യൂനപക്ഷങ്ങളെ കൂടെനിർത്താനുള്ള ശ്രമങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടത്തുന്നത്. സമുദായം ഒരുമിച്ച് നിന്നില്ലെങ്കിൽ അവരുടെ മുറ്റത്ത് കുഴികുത്തി ഇലയിട്ട് കഞ്ഞി കുടിപ്പിക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു. 147-ാമത് മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ച അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം.

“രാഷ്ട്രീയ പ്രസ്ഥാനങ്ങളോ സർക്കാറോ ഒരു ഗുണവും ചെയ്തുതരില്ല. തെരഞ്ഞെടുപ്പ്​ സമയത്ത്​ വന്നു പോകുന്നതല്ലാതെ കോൺഗ്രസുകാർ തിരക്കിപ്പോലും വരില്ല. ന്യൂനപക്ഷങ്ങളുടെ പ്രീതി സമ്പാദിക്കാൻ ചരിത്രം പോലും മാറ്റിയെഴുതുന്നു. രാഷ്ട്രീയത്തിൽ ആർക്കും പ്രവർത്തിക്കാം. പക്ഷേ, പെറ്റ തള്ളയെ തള്ളിപ്പറയരുത്. എൻ.എസ്.എസിനെ വിമർശിക്കുന്നവർ മഴയത്തു പോലും കരയോഗത്തിന്റെയോ താലൂക്ക് യോഗത്തിന്റെയോ തിണ്ണയിൽ പോലും കയറിനിന്നവരല്ല.”

എൻ.എസ്​.എസിന്​ രാഷ്ട്രീയമില്ലെന്നും എല്ലാ രാഷ്ട്രീയപാർട്ടികളോടും സമദൂര നിലപാടാണ്​ തുടരുകയെന്നും സുകുമാരൻ നായർ ആവർത്തിച്ചു. ഒരു പാർട്ടിയുടെയും ആഭ്യന്തര പ്രശ്‌നങ്ങളിൽ എൻ.എസ്.എസ് ഇടപെടില്ല, അതുപോലെ അവർ എൻ.എസ്.എസിന്‍റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കുകയുമില്ല. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്‍റെയും പേരിൽ ജനങ്ങളിൽ ചേരിതിരിവുണ്ടാക്കി, മതേതരത്വവും ജനാധിപത്യവും തകർക്കാനുള്ള ചിലരുടെ ശ്രമങ്ങൾ അപലപനീയമാണെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide