നഴ്‌സറി അധ്യാപകര്‍ കല്യാണത്തിന് പോയി; രണ്ടരവയസുകാരന്‍ രണ്ടു കിലോമീറ്ററോളം നടന്ന് വീട്ടിലെത്തി

തിരുവനന്തപുരം: അധ്യാപകരുടേയും ആയയുടേയും സ്‌കൂള്‍ അധികൃതരുടേയും അശ്രദ്ധയെത്തുടര്‍ന്ന് രണ്ടരവയസുകാരന്‍ നഴ്‌സറിയില്‍ നിന്നിറങ്ങി രണ്ടുകിലോമീറ്ററോളം തനിച്ച് നടന്ന് വീട്ടിലെത്തിയ സംഭവത്തില്‍ ഇടപെട്ട് ചൈല്‍ഡ് ലൈന്‍. സംഭവത്തില്‍ ചൈല്‍ഡ്‌ലൈന്‍ കേസെടുത്തിട്ടുണ്ട്‌.

തിങ്കളാഴ്ച തിരുവനന്തപുരം കാക്കാമൂലയിലെ സോര്‍ഹില്‍ ലുതേറന്‍ നഴ്‌സറി സ്‌കൂളിലായിരുന്നു സംഭവം. കുട്ടികളെ ആയയെ ഏല്‍പിച്ച് അധ്യാപകര്‍ സമീപത്തെ കല്യാണ വീട്ടിലേക്ക് പോയ സമയത്ത് കുട്ടി തനിച്ച് വീട്ടിലേക്ക് പോകുകയായിരുന്നു. കുട്ടി ഇറങ്ങിപ്പോയത് ജീവനക്കാര്‍ അറിഞ്ഞിരുന്നില്ല. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയെ കണ്ട രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് വിളിച്ചതോടെയാണ് കുട്ടി അവിടെയില്ലെന്ന വിവരം സ്‌കൂള്‍ അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

30 കുട്ടികളാണ് കാക്കാമൂലയിലെ സോര്‍ഹില്‍ സ്‌കൂളില്‍ ആകെയുള്ളത്. കുട്ടികളെ നോക്കാന്‍ ഒരു ആയയാണ് ഉണ്ടായിരുന്നത്. നാല് അധ്യാപകരുണ്ടെങ്കിലും ഇവരെല്ലാം ആയയെ ഏല്‍പിച്ച് കല്യാണത്തിന് പോയതോടെയാണ് കുട്ടി വീട്ടിലേക്ക് പോയത്.

അതേസമയം അധ്യാപകരുടെ ഭാഗത്തുനിന്നും തെറ്റു പറ്റിയെന്നും നടപടി സ്വീകരിക്കുമെന്നാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗം.

More Stories from this section

family-dental
witywide