
കൊളംബോ: ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തിയതിന് 23 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്യുകയും രണ്ട് ട്രോളറുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ജാഫ്‌നയിലെ ഡെല്‍ഫ് ദ്വീപിന് വടക്ക് ശനിയാഴ്ചയാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതെന്നും അവരുടെ രണ്ട് ട്രോളറുകള്‍ പിടിച്ചെടുത്തതായും ശ്രീലങ്കന്‍ നാവികസേന ഞായറാഴ്ച പത്രക്കുറിപ്പില്‍ അറിയിച്ചു.
പിടികൂടിയ 23 മത്സ്യത്തൊഴിലാളികളെയും അവരുടെ രണ്ട് ട്രോളറുകളേയും കാങ്കസന്തുറൈ ഹാര്‍ബറിലേക്ക് കൊണ്ടുപോയി, തുടര്‍നടപടികള്‍ക്കായി മൈലാടി ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറും. ശ്രീലങ്കന്‍ നാവികസേന പ്രത്യേക ഓപ്പറേഷന്‍ നടത്തിയാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടിയത്.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നം ഇപ്പോഴും തര്‍ക്കവിഷയമാണ്. പാക്ക് കടലിടുക്കില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നേവി ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയും ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ചുവെന്ന് ആരോപിച്ച് പിടികൂടുകയും ചെയ്യുന്നതും പതിവാണ്.