
ഒഹായോ: പൊലീസ് ഫ്ലാഷ് ഗ്രനേഡ് എറിഞ്ഞതിനെ തുടർന്ന് 17 മാസം പ്രായമായ കുഞ്ഞിന് പരുക്ക്. ഒഹായോയിലാണ് സംഭവം നടന്നത്. ആയുധങ്ങൾ കൈവശം വച്ച കുറ്റത്തിന് കൗമാരക്കാരനെ തിരയുന്ന ഒഹായോ പൊലീസ് വീട് മാറി റെയ്ഡ് നടത്തിയതാണ് ദാരുണമായ സംഭവത്തിന് ഇടയാക്കിയത്. ഈ റെയ്ഡിനിടെ ഹൃദയ വൈകല്യമുള്ള 17 മാസം പ്രായമുള്ള ഭിന്നശേഷിക്കാരനായ ആൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എലിയറ പൊലീസ് സ്പെഷ്യൽ റെസ്‌പോൺസ് ടീമിലെ ഒരു കൂട്ടം ഉദ്യോഗസ്ഥർ പാർമെലി അവന്യൂവിലെ വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. റെയ്ഡിനിടെ ഉദ്യോഗസ്ഥർ ജനലിലൂടെ രണ്ട് ഫ്ലാഷ് ബാംഗ്സ് (ഗ്രനേഡ്) എറിഞ്ഞതായിട്ടാണ് പുറത്ത് വരുന്ന വിവരം. റെയ്‌ഡ ജെന്നിങ്സിന്‍റെ വീട്ടിലേക്കാണ് പൊലീസ് എത്തിയത്. റെയ്‌ഡയുടെ ബന്ധു 25 വയസ്സുകാരിയായ കോർട്ട്‌നി പ്രൈസും, 17 മാസം പ്രായമുള്ള മകൻ വെയ്‌ലോൺ മേയും, കെന്‍റക്കിയിൽ നിന്ന് വന്ന് റെയ്‌ഡയുടെ വീട്ടിൽ താമസിക്കുകയായിരുന്നു. കുഞ്ഞ് അടുത്ത മാസം നടക്കാനിരിക്കുന്ന ഓപ്പൺ ഹാർട്ട് സർജറിക്കായി കാത്തിരിക്കുകയായിരുന്നു.
ജനാലയ്ക്കരികിൽ ഊഞ്ഞാലിൽ ഇരുന്ന കുട്ടിയുടെ സമീപത്താണ് ഗ്രനേഡ് വീണത്. ഗ്രനേഡ് വീണതോടെ പരിസരം പുകയിൽ പൊതിഞ്ഞു.കുട്ടിയുടെ ശരീരത്ത് ചില്ല് ക്ഷണങ്ങൾ പതിച്ചതായും റിപ്പോർട്ടുകളുണ്ട്. തന്‍റെ നേരെ തോക്കുകൾ ചൂണ്ടിയെന്നും കുട്ടിയുടെ അടുത്തേക്ക് പോയാൽ വെടിയേൽക്കുമെന്ന് ഭയന്നെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. ക്ലീവ്‌ലാൻഡിൽ നിന്ന് 20 മൈൽ അകലെയുള്ള പട്ടണത്തിലെ അധികാരികൾ നടപടി റെയ്‌ഡിന്‍റെ ഭാഗമാണെന്ന് വിശദീകരിച്ചു.















