ഭിന്നത ആവശ്യമില്ല, കെപിസിസിയുടെ ഭാഗമാണ് ഒഐസിസി:  കെ. സുധാകരൻ   

ന്യു ജേഴ്‌സി:  കെപിസിസിയുടെ കീഴിലാണ് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ( ഒഐസിസി) എന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ആകട്ടെ എഐസിസിയുടെ കീഴിലാണ്. ഇവ തമ്മിൽ മത്സരമോ ഭിന്നതയോ  ആവശ്യമില്ലെന്നും ന്യു ജേഴ്‌സിയിൽ നടന്ന സ്വീകരണത്തിൽ അദ്ദേഹം വ്യക്തമാക്കി. 

ഓവര്‍സീസ് കോണ്‍ഗ്രസ് എല്ലാകാലത്തും കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് താങ്ങും തണലും കരുത്തുമായി നിലകൊള്ളുന്നുവെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.

“ഐഒസി എന്നു പറയുന്ന ഒരു സംഘടനയുണ്ടിവിടെ ഒരിക്കലും അവരെ അകറ്റി നിര്‍ത്തരുത്. കൂടെ കൊണ്ടുപോകാന്‍ സാധിക്കണം. ഒഐസിസി കെപിസിസിയുടെ കീഴിലാണ്. ഐഒസി ആകട്ടെ  എഐസിസിയുടെ കീഴിലും. അത്രയേ ഉള്ളൂ. എന്റെ സംസ്ഥാനത്തുള്ള കോണ്‍ഗ്രസുകാരെ സംഘടിപ്പിക്കാൻ എനിക്ക് സാം പിട്രോഡയുടെ അനുവാദമൊന്നും  വേണ്ട.   ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്ക്  ഐഓസി ഉണ്ടാക്കാന്‍ എന്റെ അനുവാദവും  വേണ്ട.”

എല്ലാവരും കോൺഗ്രസ് എന്ന ഒരു കുടയുടെ കീഴിൽ ഉള്ളവരാണെന്നും അങ്ങനെയേ കാണാവൂ എന്നും സുധാകരൻ പറഞ്ഞു.

“ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി നേതാക്കളുമായി ഞാന്‍ സംസാരിക്കുന്നുണ്ട്.  ഞങ്ങള്‍ തമ്മിലൊരു തര്‍ക്കമുണ്ട്. അത് രാഹുല്‍ഗാന്ധിക്ക നന്നായിട്ടറിയാം. ഒരു തവണ രാഹുല്‍ ഗാന്ധിയും ഞാനും കെ.സി. വേണുഗോപാലും എയര്‍പോര്‍ട്ടിലേക്ക്  പോകുമ്പോള്‍ സാം പിട്രോഡ  വിളിച്ചു. രാഹുല്‍ഗാന്ധിയോട് ഈ പ്രശ്നനത്തില്‍ ചൂടായി സംസാരിച്ചു. സംസാരിക്കുന്നതിനിടയില്‍ രാഹുല്‍ ഗാന്ധി ഫോണ്‍ എനിക്കു തന്നു. ഞാന്‍ ഫോണെടുത്ത് കെ.സുധാകരനാണെന്ന് പറഞ്ഞു സംസാരിച്ചു. ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കുറച്ചു ചൂടായി സംസാരിച്ചുപോയി. അദ്ദേഹത്തിന്റെ സമയമാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ കര്‍ക്കശമായ സമീപനമെനിക്ക് ഇഷ്ടപ്പെട്ടില്ല. സ്‌നേഹത്തോടെ പറയൂ, ധിക്കാരത്തോടെ പറഞ്ഞാല്‍ കേള്‍ക്കുന്നവനല്ല ഞാന്‍.  എന്നെ സ്‌നേഹം കൊണ്ടേ കീഴടക്കാന്‍ പറ്റൂ. ഭീഷണിപ്പെടുത്തി ഒന്നും നേടാന്‍ സാധിക്കില്ല. അങ്ങനെ കീഴടക്കിയിരുന്നെങ്കില്‍ കണ്ണൂരൊന്നും കോണ്‍ഗ്രസ്സ് ഉണ്ടാകുമായിരുന്നില്ല.”

More Stories from this section

family-dental
witywide