കേരളം ചുട്ടുപൊള്ളുന്നു, മലപ്പുറത്ത് സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് കൊടുംചൂടും ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പും നിലനില്‍ക്കേ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ (63) ആണ് മരിച്ചത്. സൂര്യാഘാതമേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയില്‍ ജോലിചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞദിവസം പാലക്കാട് രണ്ടുപേര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് മൂന്നുപേര്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. സൂര്യാഘാതമേറ്റതാകാം ഇവരുടെ മരണകാരണമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോഴിക്കോട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.