
കശ്‍മീരിന്റെ പ്രേത്യേക പദവി എടുത്തു കളഞ്ഞതടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് ഏറെ നാൾ വീട്ടുതടങ്കലിൽ ആയിരുന്നു ഒമർ അബ്ദുള്ള. ഇപ്പോഴിതാ പത്ത് വർഷത്തിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി ഒമറും പാർട്ടിയും വീണ്ടും അധികാര കസേര തിരികെ പിടിച്ചിരിക്കുകയാണ്. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ജമ്മു കശ്മീരിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച് പിതാവും പാർട്ടി അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള രംഗത്തെത്തികഴിഞ്ഞു. കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം മികച്ച വിജയമാണ് നേടിയത്. കോൺഗ്രസസിനും ഒമർ വീണ്ടും മുഖ്യമന്ത്രിയായി വരുന്നതിനോട് യോജിപ്പ് ആണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
പത്ത് വർഷത്തിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 90ൽ 47 സീറ്റുകളിലും ഇന്ത്യ മുന്നണിയാണ് ലീഡ് തുടരുന്നത്. അന്തിമ ഫലപ്രഖ്യാപനം വൈകിട്ടോടെയാണ് ഉണ്ടാവുക. പാർട്ടിയുടെയും മുന്നണിയുടെയും അണികൾക്ക് നന്ദിയറിയിച്ച് കൊണ്ട് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ഫാറൂഖ് അബ്ദുള്ള നിർണായക പ്രഖ്യാപനം നടത്തിയത്.
നേരത്തെ 2009-15 കാലയളവിലും ഒമർ അബ്ദുള്ള ജമ്മു കശ്മീരിൻ്റെ മുഖ്യമന്ത്രിയായിരുന്നു. രാവിലെ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ച് കൊണ്ട് ഇന്നത്തെ ഫലം തനിക്ക് അനുകൂലമാകുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു.
‘കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പ് വ്യക്തിപരമായി എനിക്ക് നന്നായിരുന്നില്ല. ഇൻഷാ അല്ലാഹ്… ഇത്തവണ അത് മികച്ചതായിരിക്കും’ – ഒമർ അബ്ദുള്ള കുറിച്ചത് ഇങ്ങനെയായിരുന്നു. അതേസമയം, ഒമറാകും അടുത്ത മുഖ്യമന്ത്രിയെന്ന പിതാവിൻ്റെ പ്രഖ്യാപനത്തോട് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബഡ്ഗാം മണ്ഡലത്തില്‍ നിന്ന് ഒമര്‍ അബ്ദുള്ള ഉജ്ജ്വല വിജയമാണ് നേടിയത്. 18,485 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഒമര്‍ നേടിയത്. പിഡിപി സ്ഥാനാര്‍ഥി ആഗ സയ്യിദ് മന്‍തസീറിനെയാണ് ഒമർ തോൽപ്പിച്ചത്. 36,010 വോട്ടുകളാണ് ഒമര്‍ അബ്ദുള്ളയ്ക്ക് ലഭിച്ചത്. മന്‍തസീറിന് 17,525 വോട്ടുകളും ലഭിച്ചു.