നിതീഷ് കുമാര്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ദേശീയ കണ്‍വീനറായേക്കും; പ്രതികരിച്ച് തേജസ്വി യാദവ്

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പരിചയസമ്പന്നനായ നേതാവാണെന്നും അദ്ദേഹത്തെ ഇന്ത്യൻ സഖ്യത്തിന്റെ കൺവീനറാക്കാനുള്ള നിർദ്ദേശം വന്നാൽ അതൊരു മികച്ച തീരുമാനമായിരിക്കുമെന്നും തേജസ്വി യാദവ്. തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ സീറ്റ് വിഭജന ചർച്ചകൾ യാതൊരു പ്രശ്നങ്ങളുമില്ലാതെ പരിഹരിക്കപ്പെടുമെന്നും ആർജെഡി നേതാവ് പറഞ്ഞു.

“നിതീഷ് കുമാർ വളരെ മുതിർന്ന നേതാവാണ്. അങ്ങനെയൊരു നിർദ്ദേശം വന്നാൽ അത് ബീഹാറിന് മഹത്തരമായിരിക്കും.”

നിതീഷ് കുമാറിനെ കൺവീനർ ആക്കുന്ന കാര്യത്തിൽ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുന്നണിയുടെ അദ്ധ്യക്ഷനായോ ചെയര്‍പേഴ്‌സണായോ പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്.

കഴിഞ്ഞ മുന്നണി യോഗത്തില്‍ ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രാഹുൽ ഗാന്ധി നിതീഷ് കുമാറിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.