
കണ്ണൂർ: പയ്യാമ്പലത്തെ സി പി എം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ രാസവസ്തു ഒഴിച്ച് അതിക്രമം നടത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. ബീച്ചിൽ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം. ഇയാൾ ബീച്ചിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു, അതേസമയം ഇയാളാണോ അക്രമത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
കസ്റ്റഡിയിലെടുത്തയാളെ എ സി പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. മുൻ മുഖ്യമന്ത്രി ഇ കെ നായനാര്‍, സി പി എം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ എന്നിവരടക്കമുള്ളവരുടെ സ്മൃതികുടീരങ്ങളാണ് രാസദ്രാവകം ഒഴിച്ച് വികൃതമാക്കിയ നിലയില്‍ ഇന്നലെ രാവിലെ കണ്ടെത്തിയത്. അക്രമത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു,. പ്രദേശത്തെ മുഴുവൻ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇതിന് പിന്നാലെ അതിക്രമത്തില്‍ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. സ്മൃതി കുടീരങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പ്രത്യാഘാതം വലുതായിരിക്കുമെന്നാണ് സി പി എം സെക്രട്ടറി വ്യക്തമാക്കിയത്. കണ്ണൂരിൽ വലിയ സംഘർഷമുണ്ടായ കാലങ്ങളിൽ പോലും ഇത്തരത്തിൽ സ്മൃതികുടീരത്തിന് നേരെ അക്രമണം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു. സംഭവം സംസ്ഥാന സർക്കാർ ഗൗരവത്തിൽ അന്വേഷിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കണം. പാർട്ടി പ്രവർത്തകർ ഇത്തരം പ്രകോപനത്തിൽ വീഴരുതെന്നും ആത്മസംയമനം പാലിക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
one arrested in kannur payyambalam cpm leaders tomb











