‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബിൽ മൂന്നാം മോദി സർക്കാറിന്‍റെ കാലത്തു തന്നെ

ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ആശയം ഇത്തവണത്തെ നരേന്ദ്ര മോദി സർക്കാരിൻ്റെ കാലത്ത് നടപ്പാക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്നും ഇത് നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വൃത്തങ്ങൾ അറിയിച്ചു.

പദ്ധതി നടപ്പാക്കാൻ സഖ്യത്തിനു പുറത്തുള്ള പാർട്ടികളുടെയും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇതുമായി ബന്ധപ്പെട്ട സൂചന നൽകിയത്. നിലവിലുള്ള തെരഞ്ഞെടുപ്പ് രീതി രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നാണ് സർക്കാറിന്‍റെ വാദം. ചൊവ്വാഴ്ച മൂന്നാം മോദി സർക്കാർ ഭരണത്തിൽ 100 ദിവസം പൂർത്തിയാക്കുകയാണ്.

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തിലും മോദി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിനായി രാജ്യം മുന്നോട്ട് വരണമെന്നായിരുന്നു ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. പദ്ധതി നടപ്പാക്കാൻ സർക്കാർ തലത്തിൽ ഒരുക്കങ്ങൾ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. പദ്ധതിയെ കുറിച്ച് പഠിക്കാനായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദി നേതൃത്വത്തിലുള്ള ഒരു സമിതിയെ നിയോഗിച്ചിരുന്നു.