ഇന്ത്യയുടെ കണ്ണീരായി ഇന്നും മണിപ്പുർ; കലാപത്തിന് ഇന്ന് ഒരാണ്ട്, ഇന്നും അശാന്തി പുകയുന്നു

നൂറുകണക്കിന് ജീവൻ നഷ്ടമായ മണിപ്പുർ കലാപത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 2023 മേയ് മൂന്നിനാണ് കുക്കി-മെയ്ത്തി വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ആക്രമണം ആരംഭിച്ചതും വംശീയകലാപത്തിലേക്ക് വഴിമാറിയതും. ഇന്നും സംസ്ഥാനത്ത് പൂർണമായും സമാധാനം വന്നണഞ്ഞിട്ടില്ല.

കുക്കി സംഘടനയായ ട്രൈബൽ യൂണിറ്റി കമ്മിറ്റി വെള്ളിയാഴ്ച സമ്പൂർണ അടച്ചിടലിന് ആഹ്വാനം ചെയ്തു. ചുരാചന്ദ്പുരിലെ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറവും (ഐ.ടി.എൽ.എഫ്.) കുക്കി വിഭാഗത്തിന്റെ സംഘടനയായ കുക്കി ഇൻപി മണിപ്പുരും (കെ.ഐ.എം.) ഉണർവിന്റെ ദിനമെന്ന നിലയിലാണ് ഈ ദിനം ആചരിക്കുക.

അനധികൃത കുടിയേറ്റക്കാർ ആക്രമണം ആരംഭിച്ച ദിവസമായാണ് ഇന്നേദിവസം ആചരിക്കുകയെന്ന് മെയ്ത്തി സംഘടനകൾ അറിയിച്ചു. ഇംഫാൽ ഈസ്റ്റിലെ ഷുമാങ് ലീല സാങ്‌ലെനിൽ മെയ്ത്തി വിഭാഗം പരിപാടി സംഘടിപ്പിക്കും. കഴിഞ്ഞവർഷം അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കാണാതായ 35-ലധികം മെയ്ത്തി വംശജരെ കണ്ടെത്താൻ ഈ പരിപാടിയിൽ അഭ്യർഥിക്കും.

മെയ്ത്തി വിഭാഗത്തിലുള്ളവരെ പട്ടികവർഗത്തിൽപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ച മണിപ്പുർ ഹൈക്കോടതി ഉത്തരവിനെത്തുടർന്നുള്ള പ്രക്ഷോഭമാണ് സംസ്ഥാനത്തെ വംശീയ കലാപത്തിലേക്ക് നയിച്ചത്. സംഘർഷത്തിൽ ഇതുവരെ 220-ലധികം പേർക്ക് ജീവൻ നഷ്ടമായതായാണ് ഔദ്യോഗിക കണക്ക്. ആയിരക്കണക്കിന് പേർക്ക് പരുക്കേറ്റു. പതിനായിര കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടു. നിരവധി ആരാധനാലയങ്ങൾ തകർക്കപ്പെട്ടു. നിരവധി പൊതു സ്ഥാപനങ്ങൾ തകർക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു.

More Stories from this section

family-dental
witywide