
കെ.എല്‍.01-സി.കെ. 4545 എന്ന വെളുത്ത ഇന്നോവ എന്നും ആൾക്കൂട്ടത്തിന് നടുവിലുള്ള വാഹനമാണ്. വിശ്രമമില്ലാതെ കേരളത്തിൻ്റെ നഗര തെരുവുകളിലും ഗ്രാമഗ്രാമാന്തരങ്ങളിലെ ചെറുവഴികളിലും തളരാതെ ഓടിക്കൊണ്ടിരിക്കുന്ന ആ വണ്ടി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേതായിരുന്നു. കേരളത്തിലെ മിക്കവർക്കും ആ വെളുത്ത ഇന്നോവയെ അറിയാം. അതിൽ സഞ്ചരിച്ചിരുന്ന ജനകീയ നേതാവിനെ പോലെ തന്നെ. ഇപ്പോഴും ആ വണ്ടി കേരളത്തിന് തെക്ക് – വടക്ക് പാഞ്ഞുകൊണ്ടേയിരിക്കുന്നു. അതിലുള്ളത് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് എന്നു മാത്രം. അപ്പയുടെ ഓർമകളുണർത്തുന്ന ആ വണ്ടിയുമായി ചാണ്ടിയും കേരളത്തിലുടനീളം പ്രചാരണത്തിലാണ്.
കഴിഞ്ഞ ഒന്നര മാസത്തിനിടെ 450 പരിപാടികളില്‍ ചാണ്ടി ഉമ്മനെ എത്തിച്ചത് ഈ വാഹനമാണ്. യു.ഡി.എഫിലെ ഏറ്റവും തിരക്കുള്ള താരപ്രചാരകന്‍ ആരെന്ന് ചോദിച്ചാല്‍ ഒന്നേയുള്ളൂ ഉത്തരം. അത് ചാണ്ടി തന്നെ. ചാണ്ടി ഉമ്മന്റെ ഫോണിന് വിശ്രമമില്ല. വിളിക്കുന്നത് വിവിധ മണ്ഡലങ്ങളിലെ നേതാക്കള്‍. “അപ്പയുടെ ഓർമകളിലായിരിക്കും അവരെന്നെ വിളിക്കുന്നത്. പോകാതിരിക്കാൻ പറ്റില്ല – ചാണ്ടി ഉമ്മൻ പറയുന്നു”.
ക്ഷണിക്കുന്ന ആരെയും വിഷമിപ്പിക്കാതെ ഉമ്മന്‍ചാണ്ടി സ്‌റ്റൈലില്‍ ചാണ്ടി പറയും- ”വരാം, വൈകാതെ വരാം”. വാക്കുതെറ്റിക്കാതെ അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ എത്തും.
മുഖ്യമന്ത്രി പദം ഒഴിഞ്ഞ ഉമ്മൻ ചാണ്ടി യാത്രകൾക്ക് ആശ്രയിച്ചിരുന്നത് മറ്റുള്ളവരുടെ വാഹനങ്ങളാണ്. അങ്ങനെയിരിക്കെയാണ് മകൾ അച്ചു ഉമ്മൻ ഈ കാർ സമ്മാനിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ സഞ്ചരിക്കുന്ന സ്മാരകം പോലെ ഈ വണ്ടി വീണ്ടും മലയാളികളുടെ മനസ്സിലൂടെ സഞ്ചരിക്കുകയാണ്.
Oommen Chandi’s Innova car is busy In the Streets Of Kerala